സ്വർണ്ണ, ഡോളർ കടത്ത് കേസുകൾ അന്വേഷിക്കുന്ന കസ്റ്റംസ് കമ്മീഷണർ സുമിത്കുമാറിന് നേരെ ആക്രമണം: രണ്ട് പേർ പിടിയിൽ; പിന്തുടർന്ന വാഹനവും കണ്ടെത്തി

കൊച്ചി: സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് കമ്മീഷണറെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. മുക്കം സ്വദേശികളായ ജാസിം, തൻസീം എന്നിവരാണ് കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായത്. കസ്റ്റംസ് കമ്മീഷണറെ പിന്തുടർന്ന വാഹനവും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം വയനാട് കൽപ്പറ്റയിൽ നിന്ന് കസ്റ്റംസ് പ്രിവന്റീവിന്റെ ഓഫിസ് ഉദ്ഘാടനം ചെയ്ത് മടങ്ങും വഴിയാണ് ആക്രമണമുണ്ടായത്. ഉച്ചയോടെ 2.45 ന് മുക്കം കഴിഞ്ഞ് എടവണ്ണപാറയ്ക്കടുത്തെത്തിയപ്പോൾ നാല് വാഹനങ്ങൾ പിന്തുടർന്നു. ഇടക്ക് മുന്നിൽ ഓടിച്ച് ഓവർടേക്ക് ചെയ്യാൻ സാധിക്കാത്തവിധം ബ്ലോക്ക് ചെയ്തു.
ബൈക്കിലും കാറിലുമായിരുന്നു സംഘം. കൊണ്ടോട്ടി വരെ പിന്തുടർന്നു. തൻറെ വാഹനത്തിൻറെ ഡ്രൈവർ വേഗത്തിൽ സ്ഥലത്തു നിന്നും പോയതിനാലാണ് രക്ഷപെട്ടതെന്ന് സുമിത് കുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു. കമ്മീഷണറുടെ പരാതിയിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്തിരുന്നു.
കസ്റ്റഡിയിലെടുത്തവർക്ക് സ്വർണക്കടത്ത്, ഹവാല ബന്ധമില്ല, വിദേശത്തും പോയിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്നാണ് റിപ്പോർട്ട്. കസ്റ്റംസ് കമ്മീഷണറുടെ പരാതിയിൽ ദുരൂഹതയില്ലെന്നും പൊലീസ് സൂചിപ്പിച്ചു.