ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ജൂത ദേവാലയത്തിന് നേരെയുണ്ടായ ആക്രമണം; ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ചു

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ജൂത ദേവാലയത്തിന് നേരെയുണ്ടായ ആക്രമണം ഭീകരാക്രമണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഹീറ്റൺ പാർക്ക് ഹീബ്രു കോൺഗ്രിഗേഷൻ സിനഗോഗിൽ നടന്ന ഈ സംഭവത്തിൽ, പ്രതി കാർ ഓടിച്ച് ആൾക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറ്റിയതിന് പിന്നാലെ ആരാധനാലയത്തിലേക്ക് കയറാൻ ശ്രമിച്ചു. ആളുകൾ തടയാൻ ശ്രമിക്കുന്നതിനിടെ ഒരാൾ കുത്തേറ്റു.
ആക്രമണത്തിൽ രണ്ട് ജൂത വിശ്വാസികളും കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരിൽ മൂന്നുപേർ ഗുരുതരാവസ്ഥയിലാണ്. പ്രതിയുടെ ശരീരത്തിൽ സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. പ്രതിയെ ആയുധധാരികളായ ഉദ്യോഗസ്ഥർ വെടിവച്ച് കൊന്നു. വ്യാഴാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു സംഭവം. 7 മിനിറ്റിനുള്ളിൽ പൊലീസ് സ്ഥലത്തെത്തി പ്രതിയെ വീഴ്ത്തുകയായിരുന്നു.
ആക്രമണം യോം കിപ്പൂർ ആചരണത്തിനിടെയായിരുന്നു. സംഭവത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ശക്തമായി അപലപിക്കുകയും, വിശദമായ അന്വേഷണം നടത്താൻ ഉത്തരവിടുകയും ചെയ്തു. രാജ്യത്തെ മുഴുവൻ സിനഗോഗുകൾക്കും അധിക പൊലീസ് സുരക്ഷ ഏർപ്പെടുത്താൻ നിർദ്ദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെ തുടർന്ന് സ്റ്റാർമർ ഡെൻമാർക്ക് സന്ദർശനം മുടക്കി തിരികെ എത്തി.
ശരീരത്തിൽ സ്ഫോടകവസ്തുക്കൾ കെട്ടിയിരുന്ന പ്രതി കത്തിയുമായി ആളുകളെ ആക്രമിക്കാൻ ശ്രമിച്ചതായും പൊലീസ് കൂട്ടിച്ചേർത്തു. ആക്രമണം നടന്ന സമയത്ത് സിനഗോഗിനുള്ളിൽ വലിയ തോതിൽ വിശ്വാസികൾ ഉണ്ടായിരുന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്.
Tag: Attack on Jewish synagogue in Manchester, England; confirmed as terrorist attack