Kerala NewsLatest NewsNewsPolitics

താലിബാനെ പുകഴ്ത്താന്‍ ശ്രമം; മാധ്യമം ഡല്‍ഹി ചീഫിന് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: ജമാഅത്തെ ഇസ്ലാമിയുടെ പത്രമായ മാധ്യമത്തിന്റെ ഡല്‍ഹി ബ്യൂറോയിലെ ചീഫ് റിപ്പോര്‍ട്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ടെലിവിഷന്‍ ചര്‍ച്ചയില്‍ താലിബാന്‍ അനുകൂല നിലപാടെടുത്തതിനാണ് ഡല്‍ഹിയിലെ ചീഫ് റിപ്പോര്‍ട്ടര്‍ ഹസന്നൂല്‍ ബന്നയെ സസ്‌പെന്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞദിവസം നടന്ന ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയിലാണ് ഹസന്നൂല്‍ ബന്ന താലിബാനെ ന്യായീകരിക്കാന്‍ ശ്രമിച്ചത്.

സ്ഥാനപനത്തിന്റെ നയങ്ങള്‍ക്കും നിലപാടുകള്‍ക്കും എതിരായി അഭിപ്രായപ്രകടനം നടത്തിയതിനാണ് സസ്‌പെന്‍ഷന്‍ എന്നാണ് എച്ച്ആര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഇറക്കിയ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. നേരത്തെ മാധ്യമത്തിന്റെ എഡിറ്റോറിയല്‍ വിഭാഗത്തിന്റെ വാട്സാപ് ഗ്രൂപ്പില്‍ താലിബാനെ പിന്തുണയ്ക്കുന്ന വാര്‍ത്തകളും ലിങ്കുകളും ഹസന്നൂല്‍ ബന്ന ഷെയര്‍ ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് എഡിറ്റര്‍ വി.കെ. ഇബ്രാഹിം ഇത്തരത്തിലുള്ള പ്രചാരണം വിലക്കിയിരുന്നു.

അതിനുശേഷമാണ് ബന്ന താലിബാന്‍ അനുകൂലവാദം മുന്നോട്ടുവയ്ക്കാന്‍ ടെലിവിഷന്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്. താലിബാന്‍ കാബൂള്‍ പിടിച്ചെടുക്കിയ പിറ്റേദിവസം സ്വതന്ത്ര അഫ്ഗാന്‍ എന്ന തലക്കെട്ട് പ്രസിദ്ധീകരിച്ചതിന് മാധ്യമം പത്രം വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. ഇതോടെ അത്തരം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കേണ്ട എന്ന നിലപാടിലേക്ക് മാനേജ്‌മെന്റ് മാറി. എന്നാല്‍ തന്റെ താലിബാന്‍ അനുകൂല നിലപാടുമായി ബന്ന മുന്നോട്ടു പോവുകയും ചെയ്തു.

ഹിന്ദു പത്രത്തിന്റെ ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് എഡിറ്റര്‍ സ്റ്റാന്‍ലി ജോണി, എഴുത്തുകാരന്‍ ഷാജഹാന്‍ മാടമ്പാട്ട്, വിദേശകാര്യവിദഗ്ധന്‍ അഷ്‌റഫ് കടയ്ക്കല്‍ തുടങ്ങിയവരാണ് ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ ചര്‍ച്ചയ്ക്ക് ബന്നയോടൊപ്പം പങ്കെടുത്തത്. ഇവര്‍ക്കിടയില്‍ താലിബാന്‍ ഭരണത്തെ ന്യായീകരിക്കാന്‍ ബന്ന നടത്തിയ ശ്രമം വിജയിച്ചില്ല.

ബന്നയെ തുടര്‍ച്ചയായി എല്ലാവരും ഖണ്ഡിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ പരിഹാസം അതിരുകടന്നു. ഇതാണ് ബന്നയുടെ സസ്‌പെന്‍ഷന്‍ കാരണമെന്നാണ് കരുതുന്നത്. ഏഴു ദിവസം ബന്നയെ സസ്‌പെന്റ് ചെയ്യുന്നതോടെ തങ്ങള്‍ താലിബാന്‍ വിരോധികളാണെന്ന് വരുത്തിത്തീര്‍ക്കാനാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയരുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button