വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ച കേസ്; കുറ്റപത്രത്തിന് അനുമതി നൽകാതെ കേന്ദ്രം
വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിപിണറായി വിജയനെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ, സിവിൽ ഏവിയേഷൻ വകുപ്പ് ചുമത്തി സംസ്ഥാന സർക്കാറിന്റെ പ്രോസിക്യൂഷൻ അനുമതി തേടിയ റിപ്പോർട്ട് കേന്ദ്രം തള്ളി. വിമാന സുരക്ഷാ നിയമം ഈ കേസിൽ ബാധകമല്ലെന്നു കേന്ദ്രം വ്യക്തമാക്കി. മുൻ എംഎൽഎ ശബരിനാഥൻ ഉൾപ്പെടെ നാല് കോൺഗ്രസ് പ്രവർത്തകരാണ് കേസിലെ പ്രതികൾ.
കണ്ണൂരിൽ നിന്ന് തിരുവനന്തപുരം എത്തിയ ഇൻഡിഗോ 6E-7407 വിമാനത്തിനുള്ളിലാണ് 2022 ജൂൺ 13-നു സംഭവം നടന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, ആർ.കെ. നവീൻകുമാർ, സുനിത് നാരായണൻ എന്നിവർക്കെതിരെയും, ഗൂഡാലോചനയിൽ പങ്കുണ്ടെന്നാരോപിച്ച് അന്നത്തെ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ.എസ്. ശബരിനാഥനെയും പ്രതിചേർത്തുമാണ് കേസ് രജിസ്റ്റർ ചെയ്തത്. വിമാനത്തിൽ പ്രതിഷേധം നടത്താൻ യൂത്ത് കോൺഗ്രസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ആഹ്വാനം ചെയ്തുവെന്നുമാണ് പൊലീസ് റിപ്പോർട്ടിലെ ആരോപണം. മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രവർത്തകർ മുന്നേറ്റം നടത്തിയെന്നുമായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. വധശ്രമത്തിന് പുറമേ വ്യോമയാന നിയമത്തിലെ വകുപ്പുകളും, യാത്രക്കാരുടെ സുരക്ഷക്ക് ഭീഷണി ഉണ്ടാക്കിയതിന്റെയും വിമാനത്തിൽ കേടുപാടുകൾ വരുത്തിയതിന്റെയും കുറ്റങ്ങളും ചുമത്തിയിരുന്നു.
പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിന് ശേഷം പ്രോസിക്യൂഷൻ അനുമതിക്കായി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയെങ്കിലും അനുമതി ലഭിക്കാത്തതിനാൽ മൂന്നു വർഷമായി കുറ്റപത്രം സമർപ്പിക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. പലവട്ടം സംസ്ഥാന സർക്കാർ കത്തുകൾ അയച്ച ശേഷമാണ് രണ്ടു ആഴ്ച മുൻപ് കേന്ദ്രം അനുമതി നിഷേധിച്ച് മറുപടി നൽകിയത്. ഇനി എന്തുചെയ്യണമെന്ന കാര്യത്തിൽ സംസ്ഥാന പൊലീസിന്റെ നിലപാട് അറിയിക്കണമെന്ന് ആഭ്യന്തര സെക്രട്ടറി നിർദ്ദേശിച്ചിട്ടുണ്ട്.
നിയമോപദേശകർ ഇതിനകം തന്നെ വ്യോമയാന നിയമം ബാധകമല്ലെന്നു പൊലീസ് അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് കൂടുതൽ കർശനമായ വകുപ്പുകൾ ചുമത്തണമെന്ന ലക്ഷ്യത്തോടെ അന്വേഷണ സംഘം വ്യോമയാന വകുപ്പ് കൂടി ചേർത്തിരുന്നു. ഇപ്പോൾ ആ വകുപ്പ് ഒഴിവാക്കി വധശ്രമ കുറ്റത്തിന് കീഴിൽ കുറ്റപത്രം സമർപ്പിക്കുകയാകും പൊലീസിന്റെ സാധ്യതയുള്ള നീക്കം.
അതേസമയം, വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്ന ഇ.പി. ജയരാജനും വ്യക്തിഗത സ്റ്റാഫ് അംഗങ്ങളുമെതിരെ ആക്രമിക്കപ്പെട്ടുവെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരും കോടതിയെ സമീപിച്ചിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തെങ്കിലും മുഖ്യമന്ത്രിയെ സംരക്ഷിക്കാനുള്ള ഇടപെടലായിരുന്നു നടന്നതെന്ന് വ്യക്തമാക്കി പൊലീസ് ആ കേസ് അവസാനിപ്പിച്ചു.
Tag: Attempted assassination of CM on board flight case; Centre refuses to sanction chargesheet