keralaKerala NewsLatest NewsUncategorized

ഷാർജയിൽ മരിച്ച അതുല്യയുടെ മരണം; ഭർത്താവ് സതീഷിനെതിരെയുള്ള കൊലക്കുറ്റം ക്രൈംബ്രാഞ്ച് ഒഴിവാക്കി

ഷാർജയിൽ തൂങ്ങി മരിച്ച തേവലക്കര കോയിവിള സ്വദേശിനി അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ, ഭർത്താവ് ശാസ്താംകോട്ട സ്വദേശി സതീഷ് ശങ്കറിനെ (40)തിരെ ചുമത്തിയ കൊലക്കുറ്റം ക്രൈംബ്രാഞ്ച് ഒഴിവാക്കി. പ്രാഥമികമായി കൊലപാതകത്തിന് തെളിവുകളില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതാണ് കാരണം. എന്നാൽ ആത്മഹത്യാപ്രേരണയും സ്ത്രീധനപീഡനവും അടക്കമുള്ള കുറ്റങ്ങൾ തുടർന്നുനിലനിൽക്കും. പുതുക്കിയ കുറ്റവിഭാഗങ്ങളോടുള്ള അന്വേഷണ റിപ്പോർട്ട് ഒക്ടോബർ 14-ന് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചു.

സതീഷിന് നേരത്തെ ലഭിച്ച മുൻകൂർ ജാമ്യം സെഷൻസ് കോടതി റദ്ദാക്കിയതിനെ തുടർന്ന്, അദ്ദേഹം കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായപ്പോൾ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. അതുല്യയുടെ മരണം കൊലപാതകമാണെന്നും ഉത്തരവാദി ഭർത്താവാണെന്നുമാണ് മാതാപിതാക്കളുടെ പരാതി, അതിന്റെ അടിസ്ഥാനത്തിലാണ് ലോക്കൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

കോടതി മുമ്പ് തന്നെ കൊലക്കുറ്റത്തിന് തെളിവില്ലെന്ന് സൂചിപ്പിച്ചിരുന്നു. വിദേശത്ത് നടന്ന മരണമെന്നതിനാൽ ലോക്കൽ പൊലീസിന് അന്വേഷണം പരിമിതമായതുകൊണ്ട്, കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതായിരുന്നു.

ജൂലൈ 19-ന് ഷാർജ റോള പാർക്കിന് സമീപമുള്ള ഫ്ലാറ്റിലാണ് അതുല്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പിറന്നാൾ ദിനമായിരുന്ന അന്ന്, പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കെ ആണ് ദാരുണ സംഭവം ഉണ്ടായത്. സംഭവം നടന്ന ദിവസം രാത്രി സതീഷും അതുല്യയും തമ്മിൽ തർക്കം ഉണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിച്ചു.

അതുല്യയുടെ സഹോദരി അഖില, ഷാർജ റോളയിലായിരുന്ന താമസസ്ഥലത്ത് നിന്നും പോലീസിൽ പരാതി നൽകുകയും, ഭർത്താവിന്റെ മർദ്ദനവും മാനസിക പീഡനവും ചൂണ്ടിക്കാട്ടുകയും ചെയ്തു. മദ്യലഹരിയിൽ സതീഷ് നിരന്തരം അതുല്യയെ മർദ്ദിച്ചിരുന്നതായി അഖിലയുടെ മൊഴിയിലുണ്ട്.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മർദ്ദനത്തിന്റെയും പാടുകൾ കണ്ടെത്തിയിരുന്നു, തുടർന്ന് സതീഷിനെ കമ്പനി പിരിച്ചുവിട്ടതുമായിരുന്നു. അതുല്യയെ ഉപദ്രവിക്കുന്നതും മർദ്ദിക്കുന്നതുമായ ദൃശ്യങ്ങൾ പിന്നീട് പുറത്തുവന്നതും കേസിന് പ്രധാനപ്പെട്ട തെളിവായി.

ആദ്യ പോസ്റ്റ്മോർട്ടത്തിൽ തൂങ്ങി മരണമാണെന്ന് രേഖപ്പെടുത്തിയതിനെ തുടർന്ന്, സതീഷിന് ആഗസ്റ്റിൽ മുൻകൂർ ജാമ്യം ലഭിച്ചു. എന്നാൽ ഷാർജയിൽ നിന്നെത്തിയശേഷം അറസ്റ്റുചെയ്ത് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു വിട്ടയച്ചു, പിന്നീട് ജാമ്യം റദ്ദാക്കി റിമാൻഡ് ചെയ്തു.

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നടത്തിയ റീ-പോസ്റ്റ്മോർട്ടത്തിൽ കഴുത്ത് ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായതോടെ കേസ് കൂടുതൽ ഗൗരവതരമായി. നിലവിൽ സതീഷ് റിമാൻഡിലാണ്.

Tag: Atulya’s death in Sharjah; Crime Branch drops murder charge against husband Satish

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button