ഗുരുവായൂർ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കൾ കാണാതായതായി സംശയമെന്ന് ഓഡിറ്റ് റിപ്പോർട്ട്

ഗുരുവായൂർ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കൾ കാണാതായതായി സംശയമെന്ന് ഓഡിറ്റ് റിപ്പോർട്ട്. ആനക്കൊമ്പ്, സ്വർണം, വെള്ളി, കുങ്കുമപ്പൂവ് തുടങ്ങിയ വിലമതിക്കാനാകാത്ത വസ്തുക്കളുടെ കണക്കുകൾ വ്യക്തമല്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
നടവരവായും ഭണ്ഡാര കൗണ്ടിങ്ങിലൂടെയും ലഭിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കളുടെ അക്കൗണ്ടിംഗ്, സൂക്ഷിപ്പ് തുടങ്ങിയവയുടെ ഉത്തരവാദിത്തം ഗുരുവായൂർ ദേവസ്വം ഭരണസമിതിക്കാണെങ്കിലും, ഈ വസ്തുക്കളുടെ സമഗ്രമായ ഭൗതിക പരിശോധന ഇതുവരെ നടന്നിട്ടില്ലെന്നതാണ് റിപ്പോർട്ടിന്റെ പ്രധാന കണ്ടെത്തൽ.
15 ലക്ഷം രൂപ വില വരുന്ന വഴിപാടുകൾക്കുപോലും രസീത് നൽകുന്നില്ലെന്നും, ആനക്കൊമ്പുകളുടെ ശരിയായ സ്റ്റോക്ക് രജിസ്റ്റർ നിലവിലില്ലെന്നും റിപ്പോർട്ട് പറയുന്നു. കൊമ്പുകൾ വനംവകുപ്പിന് കൈമാറുന്നതിൽ വീഴ്ചയുണ്ടായതായും ചൂണ്ടിക്കാട്ടുന്നു. ആനക്കൊമ്പ് മുറിക്കുന്നതിനുള്ള ചെലവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, മുറിച്ചെടുത്ത കൊമ്പുകളുടെ കണക്ക് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് കണ്ടെത്തൽ. വനംവകുപ്പിന് കൊമ്പുകൾ ഏൽപ്പിക്കണമെന്നുള്ള ഉത്തരവുകൾ പാലിക്കുന്നതിൽ ഭരണസമിതി കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കിലോയ്ക്ക് ഏകദേശം ₹1,47,000 വിലയുള്ള കുങ്കുമപ്പൂവ് ദിവസേന ക്ഷേത്രത്തിലെത്തുന്നുണ്ടെങ്കിലും അതിന്റെ വരവും ഉപയോഗവും സംബന്ധിച്ച രേഖകൾ അപൂർണ്ണമാണ്. ഉദയാസ്തമന പൂജ, ചുറ്റുവിളക്ക് തുടങ്ങിയ വഴിപാടുകളുടെ വരവ് രജിസ്റ്ററുകളും പൂർണമല്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
അത്യന്തം ശ്രദ്ധേയമായ മറ്റൊരു കണ്ടെത്തലാണ് മഞ്ചാടിക്കുരുവിന്റെ അപ്രത്യക്ഷം. ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച 17 ചാക്ക് മഞ്ചാടിക്കുരു പടിഞ്ഞാറെ ഗോപുരത്തിൽ സൂക്ഷിച്ചിരുന്നതെങ്കിലും, 2019 ഡിസംബർ മുതൽ അവ കാണാതായി. കിലോഗ്രാമിന് ₹100 നിരക്കിൽ ലേലം ചെയ്തിരുന്നെങ്കിലും, ലേലം നേടിയ വ്യക്തി വസ്തുക്കൾ ഏറ്റെടുക്കാൻ എത്തിയിരുന്നില്ല. തുടർന്ന്, 2019 ഡിസംബർ 28-ന് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ജീവനക്കാർ ദേവസ്വം ട്രാക്ടറിൽ ചാക്കുകൾ ലോഡ് ചെയ്ത് കൊണ്ടുപോകുന്നതായി എസിഎസ്ഒ റിപ്പോർട്ട് ചെയ്തു.
ജെ.എച്ച്.ഐയുടെ മൊഴിപ്രകാരം, മഞ്ചാടിക്കുരു ചാക്കുകൾ വൈജയന്തി ഗോഡൗണിലേക്ക് മാറ്റിയതാണെന്നും സ്ഥല സൗകര്യം ഒരുക്കാനായിരുന്നു മാറ്റമെന്നും പറഞ്ഞിട്ടുണ്ടെങ്കിലും, പിന്നീട് അവ എവിടേക്കുപോയെന്നതിൽ വ്യക്തതയില്ല. ഈ വിഷയത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
Tag: Audit report says there is a suspicion that valuables at Guruvayur temple are missing