ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഡീൻ ജോൺസ് അന്തരിച്ചു.

‘പ്രഫസർ ഡീനോ’ എന്ന പേരിൽ ക്രിക്കറ്റ് വൃത്തങ്ങളിൽ പ്രശസ്തനായ ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഡീൻ ജോൺസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലാണ് അന്ത്യം. 59 വയസ്സായിരുന്നു. ക്രിക്കറ്റ് കമന്റേറ്ററെന്ന നിലയിൽ ഇന്ത്യൻ ആരാധകർക്കും സുപരിചിതനാണ് ഇദ്ദേഹം. ഇന്ത്യൻ പ്രീമിയർ ലീഗുമായി (ഐപിഎൽ) ബന്ധപ്പെട്ട് സ്വകാര്യ ചാനലിന്റെ കമന്റേറ്റർമാരുടെ സംഘത്തിൽ അംഗമായിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബയോ സെക്യുർ ബബ്ൾ സംവിധാനത്തിന്റെ ഭാഗമായി മുംബൈയിലെ ഒരു സെവൻ സ്റ്റാർ ഹോട്ടലിൽ കഴിയവേ ആയിരുന്നു അന്ത്യം.
ഓസ്ട്രേലിയയിലെ മെൽബണിൽ ജനിച്ച ഡീൻ ജോൺസ്, 1984 മുതൽ 1994 വരെയുള്ള ഒരു പതിറ്റാണ്ട് കാലം രാജ്യാന്തര ക്രിക്കറ്റിൽ നിറഞ്ഞുനിന്നു.1984 ജനുവരി 30ന് അഡ്‌ലെയ്ഡിൽ പാക്കിസ്ഥാനെതിരായ ഏകദിനത്തിലൂടെയായിരുന്നു രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റം. ഇതേ വർഷം മാർച്ചിൽ വെസ്റ്റിൻഡീസിനെതിരെ പോർട്ട് ഓഫ് സ്പെയിനിൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു.52 ടെസ്റ്റുകളും 164 ഏകദിനങ്ങളിലും ഇദ്ദേഹം ഓസ്ട്രേലിയൻ ജഴ്സി അണിഞ്ഞു.
ഏകദിനത്തിൽ ആക്രമണോത്സുകമായ ബാറ്റിങ് ശൈലിയായിരുന്നു ഡീനിനെ മുഖമുദ്ര.89 ടെസ്റ്റ് ഇന്നിങ്സുകളിൽ നിന്ന് 46.55 ശരാശരിയിൽ 3631 റൺസ് നേടി. ഇതിൽ 11 സെഞ്ചുറികളും 14 അർധസെഞ്ചുറികളും ഉൾപ്പെടുന്നു. 216 റൺസാണ് ഉയർന്ന സ്കോർ. 34 ക്യാച്ചുകളും സ്വന്തമാക്കി. ഏകദിനത്തിൽ 161 ഇന്നിങ്സുകളിൽനിന്ന് 44.61 ശരാശരി
യിൽ 6068 റൺസ് നേടി. ഇതിൽ ഏഴു സെഞ്ചുറികളും 46 അർധസെഞ്ചുറികളും ഉൾപ്പെടുന്നു. 145 റൺസാണ് ഉയർന്ന സ്കോർ. നല്ലൊരു ഫീൽഡർ കൂടിയായിരുന്ന ഡീനിൻ്റെ ശേഖത്തിൽ 54 ക്യാച്ചുകളും സ്വന്തമായുണ്ട്.245 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് 51.85 ശരാശരിയിൽ 19,188 റൺസ് നേടി. ഇതിൽ 55 സെഞ്ചുറികളും 88 അർധസെഞ്ചുറികളും ഉൾപ്പെടുന്നു.1994 ഏപ്രിൽ ആറിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കേപ്ടൗണിൽ നടന്ന ഏകദിനത്തോടെ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിടവാങ്ങി. അതിനും രണ്ടു വർഷം മുൻപ് 1992 സെപ്റ്റംബറിൽ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു അവസാന ടെസ്റ്റ്.
ഡീൻ ജോൺസ് ഐപിഎൽ കമന്റേറ്ററായി സേവനമനുഷ്ഠിച്ചുവന്ന ചാനൽ പ്രസ്താവനയിലുടെയാണ് മരണവിവരം പുറത്ത് വിട്ടത്. ഡീൻ മെർവിൻ ജോൺസ് അന്തരിച്ച വിവരം ഏറ്റവും വേദനയോടെ എല്ലാവരെയും അറിയിക്കുന്നതായും തുടർ നടപടികൾക്കായി ഇന്ത്യയിലെ ഓസ്ട്രേലിയൻ ഹൈക്കമ്മിഷനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ചാനൽ പ്രസ്താവനയിൽ വ്യക്തമാക്കി.