ഗെയിം വിഴുങ്ങിയത് ലക്ഷങ്ങള്‍; ആത്മഹത്യയുടെ വക്കില്‍ ഒരു കുടുംബം
പാലക്കാട് ഓണ്‍ലൈന്‍ ഗെയിമിന് അടിമയായി ലക്ഷങ്ങള്‍ നഷ്ടപ്പെടുകയും ജീവന് അപഹരിക്കുന്നതുമായ നിരവധി സംഭവങ്ങളാണ് നമ്മുടെ സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മകന് കാരണം ലക്ഷങ്ങള്‍ നഷ്ടപ്പെട്ട് പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയും കുടുബവും ഇപ്പോള്‍ ആത്മഹത്യയുടെ വക്കിലാണ്. ഹൈസ്കൂള്‍ അധ്യാപകനായി വിരമിച്ച അദ്ദേഹത്തിന് ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടത്തിനൊപ്പം മകനെയോര്‍ത്ത് ഏറെ ആഗ്രഹിച്ച് പണി തീര്‍ത്ത പുത്തന്‍ വീട് ഉപേക്ഷിച്ച് ഒഴിഞ്ഞ സ്ഥലത്തേക്കും മാറേണ്ടി വന്നു. കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്യാനും പല ഘട്ടങ്ങളില്‍ ആലോചിച്ചെന്നും മണ്ണാര്‍ക്കാട് സ്വദേശി പറഞ്ഞു.
അവന് കംപ്യൂട്ടര്‍ കാര്യങ്ങളില്‍ വലിയ താല്പര്യമായിരുന്നു. എന്നാല്‍ ഗെയിമിനോട് താല്പര്യം കൂടിയതോടെ പഠനത്തില്‍ ശ്രദ്ധയില്ലാതായി. സ്കൂളില്‍ പോകാതെ ഗെയിം കളിച്ചിരിക്കും. ഇതേത്തുടര്‍ന്ന് മണ്ണാര്‍ക്കാട് താമസിച്ചിരുന്ന വീട് വിറ്റ് മറ്റൊരു സ്ഥലത്തേക്ക് മാറി. ഡോക്ടറെ കാണിച്ചെങ്കിലും ഫലമുണ്ടായില്ല. എന്തെങ്കിലും ചോദിച്ചാല്‍ തട്ടിക്കയറുമെന്നും അദ്ദേഹം പറഞ്ഞു. ഗെയിം കളിക്കാനായി ബാങ്ക് അക്കൗണ്ടിലെ പണവും ചെലവാക്കി.
ഏകദേശം മൂന്നു ലക്ഷത്തോളം രൂപ നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു. ഗെയിം കളിക്കുന്നത് വിലക്കിയാല്‍ വീടുവിട്ട് ഇറങ്ങിപോവുകയും, ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യും. ‘ഒന്നാമനായിരുന്ന മകന് പഠനം ഉപേക്ഷിച്ച് വീട്ടിലെ ഒറ്റമുറിക്കുള്ളില്‍ ഇരിപ്പായി. ഇപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്നറിയില്ല.
ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിച്ചു പോകുകയാണ്. പഠിപ്പിച്ച കുട്ടികളൊക്കെ ബഹുമാനത്തോടെ നോക്കുമ്പോള്‍ മകന് കാണുന്നത് പഴഞ്ചനായിട്ടാണ്. ഞങ്ങള്‍ ഇപ്പോള്‍ ആരെ സമീപിക്കണമെന്ന് അറിയാത്ത അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.