യുവതിയെ പീഡിപ്പിച്ച് മുങ്ങാന്‍ ശ്രമിച്ച പ്രതിയെ വളര്‍ത്തുനായ ഓടിച്ചിട്ട് പിടികൂടി
കോയമ്ബത്തൂര്‍: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച ശേഷം കടന്ന് കളയാന്‍ ശ്രമിച്ച പ്രതിയെ പിടികൂടാന്‍ സഹായിച്ചത് വളര്‍ത്തുനായ. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കോയമ്ബത്തൂര്‍ സെല്‍വപുരത്താണ് 30-കാരിയെ പീഡിപ്പിച്ച ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ദിലീപ്കുമാര്‍(29) എന്നയാളെ വളര്‍ത്തുനായയുടെ സഹായത്തോടെ നാട്ടുകാര്‍ പിടികൂടിയത്.
മാനസിക വൈകല്യമുള്ള യുവതി സഹോദരന്റെ വീടിന് സമീപം ചെറിയ ഷെഡ്ഡിലാണ് ഒറ്റയ്ക്ക് താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി സ്വര്‍ണപ്പണിക്കാരനായ ദിലീപ്കുമാര്‍ യുവതി താമസിക്കുന്ന ഷെഡ്ഡിലെത്തി. എന്നാല്‍ രാത്രി സമയത്ത് യുവതിയുടെ ഷെഡ്ഡില്‍ വെളിച്ചമോ മറ്റോ കാണാതിരുന്നതോടെ സമീപത്ത് താമസിക്കുന്ന സഹോദരനും വീട്ടുകാര്‍ക്കും സംശയമായി. തുടര്‍ന്ന് യുവതി താമസിക്കുന്നിടത്ത് പരിശോധന നടത്തിയപ്പോളാണ് ഒളിച്ചിരുന്ന ദിലീപ്കുമാര്‍ മുങ്ങാന്‍ ശ്രമിച്ചത്.
എന്നാല്‍ ഇവരുടെ വീട്ടിലെ വളര്‍ത്തുനായ ഇയാളുടെ പിന്നാലെ ഓടുകയും കാലില്‍ കടിക്കുകയും ചെയ്തു. ജീന്‍സ് പാന്റില്‍ കടിച്ച നായ പ്രതിയെ പിടിവിടാതെ വളഞ്ഞുവച്ചു. പിന്നാലെ ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ദിലീപ്കുമാറിനെ പിടികൂടി . തുടര്‍ന്ന് പ്രതിയെ കണക്കിന് കൈകാര്യം ചെയ്ത ശേഷമാണ് നാട്ടുകാര്‍ പോലീസിന് കൈമാറിയത്.
അതെ സമയം ദിലീപ്കുമാര്‍ നേരത്തെയും യുവതിയെ പീഡിപ്പിച്ചതായി പോലീസ് വെളിപ്പെടുത്തി . പ്രതിയുടെ മൊബൈല്‍ഫോണില്‍നിന്ന് നേരത്തെ ചിത്രീകരിച്ച വീഡിയോകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.