എം.പി ബാബുല്‍ സുപ്രിയോ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചു
ഡല്‍ഹി: ബിജെപി ലോക്സഭ എംപിയും ഗായകനുമായ ബാബുല്‍ സുപ്രിയോ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു. ഒന്നാം നരേദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് മാന്ത്രിയായിരുന്ന ബാബുല്‍ സുപ്രിയോ തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് പൊതുജനത്തെ അറിയിച്ചത്.
ബി ജെ പി പാര്‍ട്ടിയെ മാത്രം അളവറ്റു സ്‌നേഹിച്ച ബാബുല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടാതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. താന്‍ രാഷ്ട്രീയ ജീവിതത്തില്‍ നിന്നും വിരമിക്കുകയാണെന്ന് പറയുമ്പോള്‍ എന്തു കാരണത്താലാണ് വിരമിക്കുന്നതെന്നും അദ്ദേഹം പൊതു ജനത്തോട് വ്യക്തമാക്കുന്നുണ്ട്.
‘എനിക്ക് ഒരു ചോദ്യത്തിന് ഉത്തരം നല്‍കണം, കാരണം അത് പ്രസക്തമാണ്. ഞാന്‍ രാഷ്ട്രീയം വിടാന്‍ ആഗ്രഹിക്കുന്നതെന്തെന്ന ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന തരത്തിലും ചോദ്യങ്ങള്‍ വരാം. എന്നാല്‍ ബന്ധമുണ്ടെന്ന് തന്നെയാണ് മറയില്ലാതെ ഞാന്‍ പറയുന്നത്. 2014 നും 2019 നും ഇടയില്‍ വലിയ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്.
മുതിര്‍ന്നവരും യുവാക്കളുമായി വലിയ നേതൃനിര തന്നെയുണ്ട്. അവരുടെ നേതൃത്വത്തില്‍ പാര്‍ട്ടി പുതിയ ഉയരങ്ങളിലെത്തും. ആര് വരുന്നു പോകുന്നു എന്നത് പ്രശ്നമേയല്ല’, എന്നായിരുന്നു അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞത്. അതേസമയം മറ്റൊരു പാര്‍ട്ടിയിലേക്ക് താന്‍ പോകുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.