കേരളത്തില്‍ പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടുന്നു
കൊച്ചി: കോവിഡ് വ്യാപനത്തോടെ കേരളത്തില്‍ മൂന്നിരട്ടിയിലധികം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുമിഞ്ഞു കൂടിയിട്ടുണ്ടെന്ന് കണക്കുകള്‍. കര്‍ശനമായ നിയമങ്ങളും ശാസനകളുമെല്ലാം നിലനില്‍ക്കുമ്പോഴാണ് ഇത്രയധികം മാലിന്യങ്ങള്‍ കുന്നുകൂടിയിരിക്കുന്നത്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന വസ്തുക്കള്‍ നിരോധിക്കാനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ഒടുവിലത്തെ തീരുമാനം.
എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ നിയമം നടപ്പാക്കാനായില്ല. കോവിഡ് വ്യാപനത്തില്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം നാലിരട്ടിയായി വര്‍ധിക്കുകയും ചെയ്തു. അതോടെ പ്ലാസ്റ്റിക് നിരോധനം പ്രഖ്യാപനം മാത്രമായി ഒതുങ്ങി. പ്ലാസ്റ്റിക് നിരോധന നിയമങ്ങളും തീരുമാനങ്ങളും വര്‍ഷങ്ങളായി പലതുണ്ടാവുന്നുണ്ടെങ്കിലും പലതും തുടങ്ങിയയിടത്തു തന്നെ അവസാനിക്കുകയാണ്. 300 മില്ലി ലിറ്ററില്‍ താഴെയുള്ള കുടിവെള്ള കുപ്പികളും ശീതള പാനീയങ്ങളും നിരോധിക്കും.
പ്ലാസ്റ്റിക് കവറുകള്‍, പാത്രങ്ങള്‍, സ്പൂണ്‍, ക്യാരി ബാഗുകള്‍, ഗാര്‍ബേജ് ബാഗുകള്‍, മേശ വിരികള്‍, തെര്‍മോക്കോള്‍ ഉപയോഗിച്ച് നിര്‍മിച്ച സാധനങ്ങള്‍ എന്നിവയെല്ലാം നിരോധനത്തിന്റെ പരിധിയിലായി. ഉപയോഗ ശേഷം പ്ലാസ്റ്റിക് തിരികെയെടുക്കാമെന്ന് ഉറപ്പ് നല്‍കുന്നവരെ മാത്രം നിരോധനത്തില്‍ നിന്ന് ഒഴിവാക്കും. നിയമം ലംഘിക്കുന്നവര്‍ക്ക് പതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ പിഴയീടാക്കും. ആദ്യഘട്ടത്തില്‍ 10,000 രൂപയാവും പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ 25,000 രൂപയും വീണ്ടും തുടര്‍ന്നാല്‍ 50,000 രൂപയും പിഴ ഒടുക്കണം.
ഇതിന് ശേഷവും നിരോധനം ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും- ഇതായിരുന്നു സര്‍ക്കാര്‍ തീരുമാനം. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തദ്ദേശ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, പരിസ്ഥിതി വകുപ്പ് എന്നിങ്ങനെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നിരോധനം നടപ്പാക്കാനും തീരുമാനിച്ചു. മറ്റ് സംസ്ഥാനങ്ങള്‍ ഉപയോഗിക്കാന്‍ ലൈസന്‍സ് നല്‍കിയിരുന്ന വസ്തുക്കള്‍ ഉള്‍പ്പെടെ നിരോധിക്കാന്‍ കേരളം തീരുമാനമെടുത്തു. അലുമിനിയം ഫോയില്‍ എന്ന പേരില്‍ വിപണിയിലുള്ള പാക്കറ്റുകള്‍, ഡിസ്പോസിബിള്‍ പ്ലേറ്റ്, പേപ്പര്‍ കപ്പ്, ടെട്രാപാക്കുകള്‍ എന്നിങ്ങനെയുള്ളവ റീസൈക്കിള്‍ അല്ലെങ്കില്‍ വീണ്ടും ഉപയോഗിക്കാവുന്നവയ്ക്ക് രാജ്യത്ത് ലൈസന്‍സ് നല്‍കിയിരുന്നു.
എന്നാല്‍ കോവിഡിന്റെ പേരില്‍ ഈ നടപടികളെല്ലാം അട്ടിമറിക്കപ്പെട്ടു. 2020ലെ കണക്ക് പ്രകാരം കേരളത്തിലെ മൊത്തം മാലിന്യത്തിന്റെ 12.5 ശതമാനം പ്ലാസ്റ്റിക് മാലിന്യങ്ങളായിരുന്നു. 8332 ടണ്‍ പ്ലാസ്റ്റിക് മാലിന്യം കേരളത്തില്‍ സംസ്‌ക്കരിക്കാതെയുണ്ട് എന്നതായിരുന്നു കണക്ക്. എന്നാല്‍ കോവിഡിന് ശേഷം കേരളത്തിന്റെ അവസ്ഥ പേടിപ്പെടുത്തുന്നതാണെന്ന് വിദഗ്ധര്‍ പറയുന്നു. ക്ലീന്‍ കേരള കമ്പനിക്ക് കീഴില്‍ 164 റിസോഴ്സ് റിക്കവറി ഫെസിലിറ്റികളുണ്ട്. ഗ്രീന്‍ പ്രോട്ടോക്കോള്‍ രാഷ്ട്രീയപ്പാര്‍ട്ടികളുള്‍പ്പെടെ ഒരുപരിധിവരെ ഏറ്റെടുത്തു. തിരഞ്ഞെടുപ്പുവരെ പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറച്ചു. എന്നിട്ടും കേരളം പ്ലാസ്റ്റിക് മാലിന്യത്തിന്റെ കൂമ്പരമായി മാറിയിരിക്കുകയാണ്.