ഒരാഴ്ച്ച മുൻപ് കാണാതായ ഓട്ടോറിക്ഷ ഡ്രൈവർ റബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ: മരണത്തിൽ അസ്വഭാവികത; പോലീസ് കേസെടുത്തു

കൊല്ലം : ചടയമംഗലത്ത് നിന്ന് ഒരാഴ്ച്ച മുൻപ് കാണാതായ ഓട്ടോറിക്ഷ ഡ്രൈവർ ആത്മഹത്യ ചെയ്ത നിലയിൽ. ചടയമംഗലം ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഡ്രൈവറായ ഷിബുവിനെ ആളൊഴിഞ്ഞ റബർ തോട്ടത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആളൊഴിഞ്ഞ റബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.
സവാരിക്ക് പോകുന്നുവെന്ന് പറഞ്ഞ് ഇക്കഴിഞ്ഞ ആറാം തിയതി വൈകിട്ട് വീട്ടിൽ നിന്നും ഇറങ്ങിയതാണ് ഷിബു. പിന്നീട് ഒരു വിവരവും ഇല്ലായിരുന്നു. ചടയമംഗലത്ത് കല്ലടയാറിന്റെ തീരത്ത് നിന്നു കഴിഞ്ഞ ദിവസം ഷിബുവിന്റെ ഓട്ടോറിക്ഷ പൊലീസ് കണ്ടെത്തി. വാഹനത്തിന്റെ ടയറുകളുടെ കാറ്റ് അഴിച്ചു വിട്ട നിലയിലായിരുന്നു.
പൊലീസിന്റെ തിരച്ചിലിൽ സമീപത്തെ കുറ്റിക്കാട്ടിൽ നിന്നു ഷിബുവിന്റെ ഒരു ചെരുപ്പും ഓട്ടോറിക്ഷയുടെ താക്കോലും കണ്ടെത്തി. തുടർന്ന് ഫയർഫോഴ്സ് ആറ്റിൽ നടത്തിയ പരിശോധനയിൽ ഷർട്ട് ലഭിച്ചു. ഉടുപ്പിന്റെ ബട്ടൺസുകൾ എല്ലാം പൊട്ടിയിരുന്നു. പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ആളൊഴിഞ്ഞ റബർ തോട്ടത്തിൽ ഷിബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. വസ്ത്രത്തിൽ രക്ത കറയുണ്ട്. ശരീരത്തിൽ മുറിവുകളും. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.