Kerala NewsLatest NewsNewsPolitics

മയ്യനാട് ബാങ്കിലും ക്രമക്കേട്: സിപിഎമ്മിന് തീരാതലവേദനയായി അഴിമതിക്കഥകള്‍ പുറത്തേക്ക്

കൊല്ലം: സഹകരണ ബാങ്കുകളിലെ അഴിമതികള്‍ ഓരോന്നായി പുറത്തുവരുന്നത് സിപിഎമ്മിന് തലവേദനയാകുന്നു. ഇപ്പോള്‍ കൊല്ലം ജില്ലയിലെ മയ്യനാട് സഹകരണ ബാങ്കില്‍ നടന്ന ക്രമക്കേടുകളാണ് പുറത്തുവന്നിരിക്കുന്നത്. ഇവിടെ നടന്ന ക്രമക്കേടില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് സഹകരണ വകുപ്പ്. ബാങ്കിലെ ജീവനക്കാരുടെയും ബന്ധുക്കളുടെയും 10 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ക്രമക്കേടില്‍ മുന്‍ ജീവനക്കാര്‍ക്കുള്ള പങ്കും അന്വേഷിക്കും. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാറുടേതാണ് ഉത്തരവ്. മയ്യനാട് സര്‍വീസ് സഹകരണ ബാങ്കില്‍ ഗുരുതര സാമ്പത്തിക തട്ടിപ്പുകളെന്നാണ് പരാതി നല്‍കിയിട്ടുള്ളത്. ബാങ്ക് സെക്രട്ടറി രാധാകൃഷ്ണന്‍ ബിനാമികളുടെ പേരില്‍ ഒരു കോടിയിലേറെ രൂപ വായ്പയെടുത്ത ശേഷം തിരിച്ചടവ് മുടക്കിയെന്നാരോപിച്ച് സഹകരണ മന്ത്രിക്കും രജിസ്ട്രാര്‍ക്കും മുന്നില്‍ പരാതിയെത്തി. വെറും അഞ്ചുലക്ഷം രൂപയ്ക്ക് രാധാകൃഷ്ണന്‍ വാങ്ങിയ ഭൂമി ഭാര്യയുടെയും മരുമകനായ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവിന്റെയും പേരിലേക്ക് മാറ്റിയായിരുന്നു ആദ്യ തട്ടിപ്പ്.

അഞ്ചുലക്ഷം രൂപയുടെ ഭൂമി ഈട് വച്ച് 30 ലക്ഷം രൂപ ഭാര്യയുടെയും മരുമകന്റെയും പേരില്‍ വായ്പയെടുത്തതായി പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ വായ്പയുടെ തിരിച്ചടവ് മുടങ്ങിയിരിക്കേ തന്നെ മറ്റ് നാലു ബന്ധുക്കളുടെ പേരില്‍ 40 ലക്ഷം രൂപ കൂടി രാധാകൃഷ്ണന്‍ സെക്രട്ടറിയായ ബാങ്കില്‍ നിന്ന് വായ്പ നല്‍കി.

വായ്പാതുക രാധാകൃഷ്ണന്റെ ബന്ധുവായ സുനില്‍ കുമാറിന്റെ അക്കൗണ്ടിലേക്ക് കൈമാറിയത് 2019 മാര്‍ച്ച് 23നാണ്. അതേദിവസം വൈകിട്ട് തന്നെ ഈ തുക രാധാകൃഷ്ണന്റെ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ തെളിവും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ഈ വായ്പയുടെ തിരിച്ചടവും മുടങ്ങിയിരിക്കുകയാണ്. കേരളത്തിലെ ഒട്ടുമിക്ക സഹകരണ ബാങ്കുകളിലും ഇത്തരം ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന് ആരോപണമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button