രാമക്ഷേത്ര നിർമ്മാണത്തിന് കേരളത്തിൽ നിന്നും ലഭിച്ച സംഭാവന പതിമൂന്ന് കോടി

ന്യൂഡെൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് കേരളത്തിൽ നിന്നും ലഭിച്ച സംഭാവന പതിമൂന്ന് കോടി രൂപ. ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് നിന്നും ക്ഷേത്ര നിർമ്മാണത്തിന് ലഭിച്ച ആകെ തുക 2500 കോടി രൂപയാണെന്നും ട്രസ്റ്റ് വെളിപ്പെടുത്തി.
തമിഴ്‌നാട്ടിൽ നിന്ന് ക്ഷേത്ര നിർമാണത്തിന് 85 കോടി രൂപയാണ് സംഭാവന ലഭിച്ചത്. മാർച്ച് നാല് വരെ ലഭിച്ച കണക്കുകളാണ് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ജനുവരി 15 മുതൽ ഫെബ്രുവരി 27 വരെയായിരുന്നു ക്ഷേത്ര നിർമാണത്തിന് വീടുകൾ കയറിയും സ്ഥാപനങ്ങൾ കയറിയുമുള്ള സംഭാവന സ്വീകരിക്കൽ.
പ്രധാന ക്ഷേത്രത്തിന്റെ നിർമാണത്തിന് മാത്രമായി 400 കോടി ചെലവ് വരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഈ തുക ഉയരും എന്നാണ് ഇപ്പോഴത്തെ കണക്ക് കൂട്ടൽ. ക്ഷേത്രത്തിന് പുറമെ 67 ഏക്കർ വിസ്തൃതിയിലുള്ള ക്ഷേത്ര സമുച്ചയം വികസപ്പിക്കുന്നതിന് 1100 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ക്ഷേത്ര നിർമ്മാണം മൂന്ന് വർഷം കൊണ്ട് പൂർത്തിയാക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി.