കൊറോണയ്ക്കെതിരെ ‘ആയുഷ് 64’ ഫലപ്രദമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം
ന്യൂ ഡെൽഹി: കൊറോണ രോഗികളുടെ ചികിത്സയ്ക്ക് ആയുഷ് 64 പോളി ഹെർബൽ സംയുക്തം ഉപയോഗിക്കാൻ അനുമതി. രോഗലക്ഷണങ്ങൾ ഇല്ലാത്തതും, നേരിയതോ മിതമായതോ ആയ അണുബാധ ഉള്ളതുമായ രോഗികളിൽ ഉപയോഗിക്കാനാണ് കേന്ദ്രം അനുമതി നൽകിയത്.
രാജ്യത്തെ പ്രസിദ്ധമായ ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരാണ്, ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള ആയുർവേദ ശാസ്ത്ര ഗവേഷണ കേന്ദ്ര സമിതി വികസിപ്പിച്ച ഈ സംയുക്തം, സാധാരണ ചികിത്സയ്‌ക്കൊപ്പം ഉപയോഗപ്പെടുത്താം എന്ന് കണ്ടെത്തിയത്. 1980 ൽ മലേറിയക്കെതിരെ വികസിപ്പിച്ച മരുന്ന് നിലവിലെ സാഹചര്യത്തിൽ കൊറോണ ഉപയോഗത്തിനാവശ്യമായ മാറ്റങ്ങൾ വരുത്തിയാണ് ആയുഷ് 64 ന് രൂപം നൽകിയത്.
നേരിയതോ മിതമായതോ ആയ അണുബാധയുള്ള കൊറോണ രോഗികളുടെ ചികിത്സയ്ക്ക് സുരക്ഷിതമായും ഫലപ്രദമായും ആയുഷ് 64 ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ചുള്ള വിശദമായ പരീക്ഷണങ്ങൾ, ആയുഷ് മന്ത്രാലയവും, ശാസ്ത്ര വ്യവസായിക ഗവേഷണ സമിതിയും അടുത്തിടെ വിവിധ കേന്ദ്രങ്ങളിലായി പൂർത്തീകരിച്ചിരുന്നു.
ആയുർവേദയോഗ ചികിത്സകളെ അധികരിച്ചുള്ള ദേശീയ ക്ലിനിക്കൽ മാനേജ്‌മെന്റ് പ്രോട്ടോക്കോളിൽ ഈ മരുന്ന് സംയുക്തത്തെ ഉൾപെടുത്തിയിരുന്നു. നിലവിലെ ചികിത്സ രീതികൾക്ക് ഒപ്പം ആയുഷ് 64 ഉപയോഗപ്പെടുത്തുന്നത് സാധാരണ ചികിത്സാരീതിയെ അപേക്ഷിച്ച് , ചികിത്സാ സമയ ദൈർഘ്യം കുറയ്ക്കുമെന്നും, രോഗിയിൽ മികച്ച പുരോഗതി ഉണ്ടാക്കുമെന്നും തെളിഞ്ഞിട്ടുണ്ട്.