Latest NewsNationalNews

ബാബറി മസ്ജിദ് കേസ്: മുഴുവൻ പ്രതികളെയും വെറുതെ വിട്ടു, ഗൂഢാലോചനക്ക് തെളിവില്ലെന്ന് കോടതി

ബാബറി മസ്ജിദ് തകർത്ത സംഭവത്തിൽ അദ്വാനിയും ജോഷിയും ഉൾപ്പെടെയുള്ള 32 പ്രതികളെയും വെറുതെ വിട്ടു. ലഖ്നൗവിലെ പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി സുരേന്ദർ കുമാർ യാദവ് ആണ് വിധി പ്രസ്താവിച്ചത്. ബാബറി മസ്ജിദ് പൊളിച്ചത് ആസൂത്രിതമായല്ലെന്ന് നിരീക്ഷിച്ച കോടതി ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും പ്രതികൾക്കെതിരായ തെളിവ് ശക്തമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.1992 ഡിസംബർ ആറിന് അയോധ്യ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 197 / 1992 , ക്രൈം നമ്പർ 198/1992 എന്നീ കേസുകളിലെ വിധിയാണ് കോടതി പുറപ്പെടുവിച്ചത്..


‘ കേസിൽ ബി.ജെ.പി.യുടെ മുതിർന്ന നേതാവായ എൽ.കെ. അദ്വാനിയുൾപ്പെടെ 48 പ്രതികളിൽ ജീവിച്ചിരിക്കുന്ന 32 പേരോടും ബുധനാഴ്ച നേരിട്ടു ഹാജരാവാൻ കോടതി ആവശ്യപ്പെട്ടിരുന്നു. 32 പ്രതികളിൽ 26 പേർ കോടതിയിൽ ഹാജരായി. എൽ.കെ.അഡ്വാനി, മുരളീ മനോഹർ ജോഷി, ഉമാഭാരതി എന്നിവർ വീഡിയോ കോൺഫറൻസിംഗ് വഴിയാണ് പങ്കെടുത്തത്. വിനയ് കത്യാർ, ധരം ദാസ്, വേദാന്തി, ലല്ലു സിങ്, ചമ്പത്ത് റായ്, പവൻ പാണ്ഡേ തുടങ്ങിയവരാണ് കോടതിയിൽ ഹാജരായത്.കല്യാൺ സിങ്, ഉമാ ഭാരതി എന്നിവർ കോവിഡ് ബാധിച്ച് ചികിത്സയിലാണ്.
കോടതി പരിസരത്ത് വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയത്.

48 പേരായിരുന്നു കേസിലെ പ്രതികൾ. 28 വർഷത്തിന് ശേഷം വിധി വരുമ്പോൾ ജീവിച്ചിരിക്കുന്ന 32 പ്രതികളിൽ 26 പേരാണ് കോടതിയിൽ ഹാജരായത്. മഹന്ത് നിത്യ ഗോപാൽ ദാസ്, കല്യാൺ സിങ് എന്നിവരെ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് വിലക്കി. അദ്വാനിയും മുരളീ മനോഹർ ജോഷിയും ഉമാഭാരതിയും ഉൾപ്പെടെ ആറ് പ്രതികൾ അനാരോഗ്യം ചൂണ്ടികാട്ടി കോടതിയിൽ ഹാജരായില്ല.


1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് പൊളിച്ച സംഭവത്തിൽ ഉത്തർപ്രദേശിൽ രണ്ടിടത്തായാണ് വിചാരണ നടന്നിരുന്നത്. അജ്ഞാതരായ കർസേവകർക്കെതിരായ കേസുകൾ ലഖ്നൗവിലും പ്രമുഖ നേതാക്കൾക്കെതിരേയുള്ളത് റായ്ബറേലിയിലും. സുപ്രീംകോടതിയുടെ 2017-ലെ ഉത്തരവുപ്രകാരം രണ്ടുകൂട്ടം കേസുകളിലെയും വിചാരണ ഒന്നിച്ചുചേർത്ത് ലഖ്നൗവിലെ അഡീഷണൽ സെഷൻസ് കോടതിയിലേക്കുമാറ്റി. രണ്ടുവർഷത്തിനകം വിചാരണപൂർത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതി ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് പലതവണ സമയം നീട്ടിനൽകി. 351 സാക്ഷികളെ വിസ്തരിച്ച കോടതി 600 രേഖകൾ പരിശോധിച്ചു.

കേസിലെ വിധി പറയാൻ മാത്രം വിരമിക്കൽ തീയതി നീട്ടിയ പ്രത്യേക കോടതി ജഡ്ജി സുരേന്ദർ കുമാർ യാദവ് വിധിക്ക് പിന്നാലെ വിരമിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button