സിബിഐക്ക് തിരിച്ചടി: ലൈഫ് മിഷനില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

സര്‍ക്കാരിനെതിരായ അന്വേഷണം സ്റ്റേ ചെയ്ത നടപടിയിൽ വാദം കേൾക്കണമെന്ന സി ബി ഐ ആവശ്യം ഹൈക്കോടതി തള്ളി. വേഗത്തിൽ വാദം കേൾക്കണമെന്നാണ് സി ബി ഐ കോടതിയിൽ ആവശ്യപ്പെട്ടത്. എതിർ സത്യവാങ്മൂലം തയ്യാറാക്കാതെയാണ് സി ബി ഐ കോടതിയിൽ എത്തിയത്. ഇതാണ് തിരിച്ചടിക്ക് കാരണം. അതേസമയം സി ബി ഐ നടപടി സര്ക്കാരിനെ താറടിച്ചു കാണിക്കാൻ ആണെന്നാണ് ലൈഫ് മിഷൻ കോടതിയിൽ വ്യക്തമാക്കിയത്. ലൈഫ് മിഷൻ പദ്ധതിയിലെ സ്റ്റേ അന്വേഷണത്തെ ബാധിക്കുമെന്നും ആയതിനാൽ വേഗത്തിൽ വാദം കേൾക്കണമെന്നും സി ബി ഐ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാതെയുള്ള ആവശ്യം അംഗീകരിക്കാൻ കഴിയില്ല എന്നായിരുന്നു കോടതി പറഞ്ഞത്. കൂടാതെ എതിർ സത്യവാങ്മൂലം സമർപ്പിച്ച ശേഷം പുതിയ അപേക്ഷ നൽകാൻ കോടതി സി ബി ഐയോട് പറഞ്ഞു. തുടർന്ന് കേസ് പരിഗണിക്കുന്ന തീയതി അറിയിക്കുമെന്നും കോടതി അറിയിച്ചു. സത്യവാങ്മൂലം നൽകാതെ എന്തിനാണ് വേഗത്തിൽ വാദം കേൾക്കണമെന്ന് സി ബി ഐ ആവശ്യപ്പെടുന്നതെന്ന് സംസ്ഥാന സർക്കാരും ചോദിച്ചു. ജസ്റ്റിസും ഇതേ ചോദ്യം ചോദിക്കുകയുണ്ടായി. വകുപ്പുതല കാര്യം ആണ് കാരണം എന്നും പരിശോധനക്കായി സത്യവാങ്മൂലം ഡൽഹിയിലേക്ക് അയച്ചിരിക്കുകയാണ് എന്നുമാണ് സി ബി ഐ പറഞ്ഞത്. അനുമതി ലഭിച്ചാൽ ഉടനെ ഹാജരാക്കുമെന്നും സി ബി ഐ പറഞ്ഞു . അതെ സമയം യൂണിറ്റാക്ക് എം ഡി സന്തോഷ് ഈപ്പനും കേസ് ഉടനടി പരിഗണിക്കണം എന്ന് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. താൻ ബലിയാടാവുകായണ് എന്നും സന്തോഷ് ഈപ്പൻ കോടതിയിൽ പറയുകയുണ്ടായി.