“യുവ രാഷ്ട്രീയ നേതാവിൽ നിന്ന് മോശം അനുഭവം”: മാധ്യമ പ്രവർത്തക റിനി ആൻ ജോർജിന്റെ വെളിപ്പെടുത്തൽ
യുവ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായി യുവ മാധ്യമ പ്രവർത്തകയും അഭിനേത്രിയുമായ റിനി ആൻ ജോർജ്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവ നേതാവിൽ നിന്ന് തന്നെ മോശം അനുഭവം നേരിട്ടുവെന്നാണ് അവര്‍ മാധ്യമങ്ങളോട് പറഞ്ഞത്.
സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട ഉടൻ തന്നെ നേതാവ് അശ്ലീല സന്ദേശങ്ങൾ അയയ്ക്കുകയും മോശം സമീപനം കാണിക്കുകയും ചെയ്തതായി റിനി ആരോപിച്ചു. “ഫൈവ് സ്റ്റാർ ഹോട്ടലിൽ മുറി എടുക്കാം, വരണം” എന്ന ആവശ്യവുമായി നേതാവ് സമീപിച്ചതായും, അന്ന് തന്നെ താന്‍ പ്രതികരിച്ചുവെന്നും അവര്‍ വ്യക്തമാക്കി. കുറച്ചു നാളത്തേക്ക് ശല്യം ഇല്ലാതിരുന്നെങ്കിലും പിന്നീട് വീണ്ടും അശ്ലീല സന്ദേശങ്ങൾ അയക്കാൻ നേതാവ് തുടങ്ങിയതായി റിനി പറഞ്ഞു.
സ്ത്രീപീഡനക്കേസുകളിൽപ്പെട്ട രാഷ്ട്രീയ നേതാക്കൾക്ക് ഒന്നും സംഭവിക്കാത്തതല്ലേയെന്നായിരുന്നു താന്‍ ഉപദേശിച്ചപ്പോൾ യുവ നേതാവിന്റെ മറുചോദ്യം. “Who cares” എന്ന സമീപനമാണ് ഇയാളുടേത് എന്നും, വിവിധ ഫോറങ്ങളിലായി നൽകിയ പരാതികൾക്കും ഇതേ മറുപടിയായിരുന്നു ലഭിച്ചതെന്നും റിനി ആരോപിച്ചു. സമൂഹമാധ്യമങ്ങളിൽ സമീപകാലത്ത് നേതാവിനെതിരേ മറ്റ് ആരോപണങ്ങളും ഉയർന്നതായി റിനി ചൂണ്ടിക്കാട്ടി. പല സ്ത്രീകളും സമാനമായ ദുരനുഭവങ്ങൾ നേരിട്ടിട്ടുണ്ടെങ്കിലും ആരും തുറന്ന് പറയുന്നില്ലെന്നുമാണ് അവളുടെ വെളിപ്പെടുത്തൽ.
Tag: Bad experience from a young political leader”: Journalist Rini Ann George’s revelation