ദത്ത് നടപടികള്‍ക്ക് സ്റ്റേ: കോടതി അനുപമയ്ക്കൊപ്പം
തിരുവനന്തപുരം: ഒടുവില്‍ നീതപീഠം അനുപമയ്ക്കൊപ്പം നിന്നു. അനുപമയുടെ കുട്ടിയുടെ ദത്ത് നടപടികള്‍ പൂര്‍ത്തീകരിക്കുന്നത് കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം കുടുംബകോടതിയാണ് സ്റ്റേ അനുവദിച്ചത്. നവംബര്‍ ഒന്നിന് വിശദമായ വാദം കേള്‍ക്കുന്നതു വരെയാണ് ദത്തെടുക്കല്‍ നടപടികള്‍ കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. കോടതി സ്റ്റേ അനുവദിച്ചതില്‍ സന്തോഷമുണ്ടെന്ന് അനുപമ പ്രതികരിച്ചു.
പിതാവിനെതിരെ അടക്കം താന്‍ നിയമപോരാട്ടം തുടരുമെന്നും അനുപമ. കുഞ്ഞിന്റെ അമ്മ ജീവിച്ചിരിക്കുന്ന വിവരം സര്‍ക്കാരിനുവേണ്ടി ഗവ. പ്ലീഡര്‍ കോടതിയെ അറിയിച്ചു. കുഞ്ഞിനെ വിട്ടുകിട്ടണമെന്ന അമ്മയുടെ ആവശ്യവും വിഷയത്തില്‍ സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തെക്കുറിച്ചും പ്ലീഡര്‍ കോടതിയെ ബോധ്യപ്പെടുത്തി. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ദത്തെടുക്കല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന സര്‍ക്കാര്‍ ആവശ്യം കൂടി പരിഗണിച്ചാണ് കോടതി വിധി പറഞ്ഞത്.
ഓഗസ്റ്റ് ഏഴിനാണു കുഞ്ഞിനെ താത്ക്കാലികമായി ആന്ധ്ര സ്വദേശികളായ ദമ്പതികള്‍ക്ക് ദത്ത് നല്‍കിയത്. ശിശുക്ഷേമസമിതി ഉള്‍പ്പെടെ കേസിലെ കക്ഷികളെല്ലാം ദത്തെടുക്കലിന് അനുകൂലമായി നിലപാട് അറിയിച്ചതിനാല്‍ തെളിവെടുക്കല്‍ അവസാനിപ്പിച്ചു വിധിക്കായി കേസ് മാറ്റുകയായിരുന്നു. എന്നാല്‍ രക്തബന്ധുക്കള്‍ അവകാശവാദമുന്നയിച്ച സാഹചര്യം ബോധ്യപ്പെടുത്തുകയും ദത്ത് നല്കിയ നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടെന്നു സര്‍ക്കാര്‍ തന്നെ കോടതിയെ അറിയിക്കുകയും ചെയ്താല്‍ സ്വാഭാവികമായും കോടതി അനുകൂല നിലപാടെടുക്കുമെന്നായിരുന്നു പ്രതീക്ഷ. ഇതനുസരിച്ചാണ് കോടതി ഇപ്പോള്‍ നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതും.
എന്നാല്‍ ദത്തെടുത്ത ദമ്പതികളുടെയും കാരയുടെയും എതിര്‍പ്പുണ്ടായാല്‍ അതിനെ നിയമപരമായി മറികടന്നശേഷമേ അനുപമയ്ക്കു കുഞ്ഞിനെ തിരികെ ലഭിക്കുകയുള്ളൂ. ഡിഎന്‍എ പരിശോധനയും വേണ്ടിവരും. പ്രസവിച്ചു മൂന്നാംനാള്‍ കുഞ്ഞിനെ തട്ടിയെടുത്ത് അനധികൃതമായി ദത്തു നല്‍കിയെന്ന അനുപമയുടെ പരാതിയില്‍ മാതാപിതാക്കള്ക്കളും സഹോദരിയും ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാകോടതി 28ന് പരിഗണിക്കും. സംഭവത്തെക്കുറിച്ച് വനിതാശിശുക്ഷേമ ഡയറക്ടറുടെ അന്വേഷണം പുരോഗമിക്കുകയാണ്. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജെ.എസ്. ഷിജുഖാനില്‍നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.
2020 ഒക്ടോബറില്‍ കാട്ടാക്കട നെയ്യാര്‍ മെഡിസിറ്റി ആശുപത്രിയില്‍ വച്ചാണ് അനുപമ കുഞ്ഞിന് ജന്മം നല്‍കിയത്. നിയമപരമായ വിവാഹത്തിലൂടെയല്ലാതെ ജനിച്ച കുഞ്ഞായതിനാല്‍ കുടുംബത്തിന് അപകീര്‍ത്തിയുണ്ടാവുമെന്ന് കരുതി മാതാപിതാക്കള്‍ ജനന സര്‍ട്ടിഫിക്കറ്റിലടക്കം തിരിമറി നടത്തി ശിശുക്ഷേമ സമിതിയിലെ രേഖകളിലും വ്യാജ കാരണങ്ങള്‍ എഴുതിച്ചേര്‍ത്ത് കുഞ്ഞിനെ ആന്ധ്ര സ്വദേശികള്‍ക്ക് ദത്തു നല്‍കുകയായിരുന്നു.
ജനന സര്‍ട്ടിഫിക്കറ്റില്‍ കുഞ്ഞിന്റെ പിതാവായി അനുപമയുടെ പിതാവ് ജയചന്ദ്രന്റെ പേരാണ് എഴുതി ചേര്‍ത്തത്. അനുപമ – അജിത് ലീവിങ് ടുഗെതര്‍ ദാമ്പത്യ ബന്ധത്തില്‍ പിറന്ന ആണ്‍കുഞ്ഞിനെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് പേരൂര്‍ക്കട പോലീസില്‍ ഏപ്രില്‍ 19നാണ് അനുപമ പരാതി നല്‍കിയത്. ഇതിനിടെ അജിത് ആദ്യ ഭാര്യയായ നസിയയില്‍ നിന്ന് വിവാഹമോചനം നേടി. ദിവസങ്ങളോളം അജിത്തിനെയും അനുപമയേയും സ്റ്റേഷനില്‍ വിളിച്ചു വരുത്തിയതല്ലാതെ കേസെടുത്തില്ല.
ഏപ്രില്‍ 29ന് അന്നത്തെ ഡിജിപി ലോകനാഥ് ബെഹ്റക്ക് പരാതി നല്കി. മെയ് മാസത്തില്‍ പേരൂര്‍ക്കട പോലീസ് അനുപമയുടെയുടെ മൊഴിയെടുത്തെങ്കിലും എഫ്ഐആര്‍ ഇട്ടില്ല. കുഞ്ഞ് ദത്ത് പോയ ശേഷം ഓഗസ്റ്റ് 10നാണ് കന്റോണ്‍മെന്റ് അസി. കമ്മീഷണര്‍ കുഞ്ഞിനെ അനുപമയുടെ മാതാപിതാക്കള്‍ ശിശുക്ഷേമ സമിതിക്ക് നല്കിയ കാര്യം അറിയിക്കുന്നത്. സംഭവങ്ങള്‍ മാധ്യമ വാര്‍ത്തകളിലൂടെ വിവാദമായതോടെ പരാതി ലഭിച്ച് ഏഴു മാസങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 19ന് പേരൂര്‍ക്കട പോലീസ് കുട്ടിക്കടത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് മുഖം രക്ഷിക്കുകയായിരുന്നു.
കൃത്യത്തിലുള്‍പ്പെട്ട തൈക്കാട് ശിശുക്ഷേമ സമിതി, പൂജപ്പുര ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അധികൃതര്‍ എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കോടതിയുടെ തീരുമാനം അനുപമയ്ക്ക് അനുകൂലമായാലും ദത്തെടുത്ത ദമ്പതികള്‍ക്കോ സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റിക്കോ (കാര) മേല്‍ക്കോടതിയില്‍ എതിര്‍പ്പ് ഉന്നയിക്കാം. കേന്ദ്ര വനിതാശിശുവികസന മന്ത്രാലയത്തിനു കീഴിലുള്ള ‘കാര’യാണ് ഇന്ത്യയിലെ ദത്ത് നല്കല് നോഡല്‍ ഏജന്‍സി.