ഒഡിഷയിലെ ജലേശ്വറില്‍ മലയാളി വൈദികര്‍ക്കെതിരേ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. ജലേശ്വറിലെ പാരിഷ് പ്രീസ്റ്റ് ഫാ. ലിജോ നിരപ്പേല്‍, ബാലസോറിലെ ജോഡാ പാരിഷ് വൈദികന്‍ ഫാ. വി. ജോജോ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. കന്യാസ്ത്രീകള്‍ക്ക് നേരെയും ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇന്നലെ വൈകീട്ടാണ് സംഭവം. ഒരു കത്തോലിക്കാ മതവിശ്വാസിയുടെ ചരമവാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കാനെത്തിയ വൈദികരും കന്യാസ്ത്രീകളും രാത്രി 9 മണിയോടെ തിരികെ മടങ്ങുന്നതിനിടെയാണ് ആക്രമണം നടന്നത്. ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്ന, 70ലേറെ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തുകയും വാഹനങ്ങള്‍ ഉപരോധിക്കുകയും ചെയ്തു.
ഇരുചക്രവാഹനത്തില്‍ വന്നിരുന്ന വൈദികന് നേരെ ക്രൂര മര്‍ദനവും കാറിലുണ്ടായിരുന്ന മറ്റുള്ളവരോട് അസഭ്യവാക്കുകളും ഉപയോഗിച്ചുവെന്നാണ് പരാതി. ആക്രമണത്തിന് പിന്നില്‍ മതപരിവര്‍ത്തന ആരോപണമാണ്.
“ഇവിടെ ബിജെഡി ഭരിക്കുന്നില്ല, ബിജെപിയാണ് ഭരിക്കുന്നത്; നിങ്ങള്‍ക്ക് ആരെയും അമേരിക്കക്കാരാക്കാനാവില്ല” എന്ന് പറഞ്ഞായിരുന്നു ആക്രമണമെന്നാണ് വെെദികർ പറഞ്ഞത്.
ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി കന്യാസ്ത്രീകള്‍ ജയിലിലായതിനു പിന്നാലെ ഒഡിഷയിലും സമാനമായ സംഭവം ആവര്‍ത്തിക്കപ്പെടുന്നതാണ് ആശങ്ക ഉണർത്തുന്നത്. പോലീസ് സ്ഥലത്തെത്തിയതോടെ ആക്രമണ സംഘം പിരിഞ്ഞുപോയി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tag: Bajrang Dal activists attack Malayali priests, accusing them of religious conversion