ഛത്തീസ്ഗഢിൽ വീണ്ടും ബജ്റംഗ്ദള്‍ ആക്രമണം; റായ്പൂരിലെ ക്രിസ്ത്യൻ പ്രാർഥനാ യോഗത്തിനിടെയായിരുന്നു കലഹം

മലയാളി കന്യാസ്ത്രീകളെ ലക്ഷ്യമിട്ട ആക്രമണത്തിന് പിന്നാലെ ഛത്തീസ്ഗഢിൽ വീണ്ടും ബജ്റംഗ്ദള്‍ ആക്രമണം. റായ്പൂരിലെ കുക്കൂർബെഡാ പ്രദേശത്ത് നടന്ന ക്രിസ്ത്യൻ പ്രാർഥനാ യോഗത്തിനിടെയാണ് ബജ്റംഗ്ദള്‍ പ്രവർത്തകർ കലഹം സൃഷ്ടിച്ചത്. പ്രാർത്ഥനയ്‌ക്കെത്തിയ വിശ്വാസികളെ മർദിച്ചതായും പാസ്റ്റർ ആരോപിച്ചു.
ഛത്തീസ്ഗഢിൽ ഇത്തരം സംഭവങ്ങൾ പതിവാണെന്നാണ് പാസ്റ്റർമാർ പറയുന്നത്. ഒരു വിശ്വാസിയുടെ വീട്ടിൽ ഞായറാഴ്ച നടന്ന പ്രാർത്ഥനയ്ക്കിടെ, ബജ്റംഗ്ദള്‍ പ്രവർത്തകരും മറ്റ് ഹൈന്ദവ സംഘടനകളിലെ ചിലരും സംഘമായി എത്തുകയായിരുന്നു. പ്രാർത്ഥനാ യോഗത്തിന്റെ പേരിൽ മതപരിവർത്തനം നടത്തുകയാണെന്ന് അവർ ആരോപിച്ചു. തുടർന്ന് “ജയ് ശ്രീറാം” വിളിച്ചു മുഴക്കുകയും ഹനുമാൻ ചാലിസ പാരായണം നടത്തുകയും ചെയ്തു. ഇതോടെ സ്ഥലത്ത് ഏറെ നേരം സംഘർഷാവസ്ഥ നിലനിന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. സംഘർഷത്തിൽ പാസ്റ്റർക്കും മർദ്ദനമേറ്റു.
പിന്നീട് പൊലീസ് എത്തിയെങ്കിലും, അവരുടെ സാന്നിധ്യത്തിലും ബജ്റംഗ്ദള്‍ പ്രവർത്തകർ ബഹളം തുടരുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ സേനയെ പൊലീസ് സ്ഥലത്ത് വിന്യസിച്ചു. പാസ്റ്റർമാരുടെ അഭിപ്രായത്തിൽ, ഇത്തരം ആക്രമണങ്ങൾ സംസ്ഥാനത്തെ പല ജില്ലകളിലും ആവർത്തിക്കപ്പെടുന്നു. വീടുകളിലും പള്ളികളിലും നടക്കുന്ന പ്രാർത്ഥനാ യോഗങ്ങൾക്കിടയിൽ ബജ്റംഗ്ദള്‍ പ്രവർത്തകരുടെ ആക്രമണം പതിവാണ്. എന്നാൽ പലപ്പോഴും ഇവർക്കെതിരെ നടപടി എടുക്കുന്നതിനുപകരം, പാസ്റ്റർമാർക്കെതിരെയാണ് പൊലീസ് മതപരിവർത്തന ആരോപണങ്ങളോടെ കേസെടുക്കുന്നതെന്ന് അവർ പറയുന്നു.
Tag: Bajrang Dal attacks again in Chhattisgarh; Clashes broke out during Christian prayer meeting in Raipur