CinemaKerala NewsLatest News

എനിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ പിആര്‍ഒമാരില്ല’: ബാലചന്ദ്ര മേനോന്‍

അഭിനയ ജീവിതത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണോ എന്ന ചോദിക്കുന്നവരോട് മറുപടി പറയുകയാണ് ബാലചന്ദ്രമേനോന്‍ .കൃഷ്ണ ഗോപാലകൃഷ്ണന്‍ എന്ന ചിത്രത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയിരുന്നു താരം.

അഭിനയത്തില്‍ നിന്ന് വിട്ട്‌ നില്‍ക്കുകയല്ലെന്നും മനസിന് ആഹ്ലാദം നല്‍കുന്ന വേഷങ്ങള്‍ കിട്ടാത്തുകൊണ്ടാണ് വിട്ടു നില്‍ക്കുന്നതെന്നും താരം പറയുന്നു. സ്ഥിരം ഭര്‍ത്താവ്‌, മോളെ കെട്ടിച്ചുവിടാന്‍ പാടുപെടുന്ന അച്ഛന്‍, ത്യാഗിയായ സഹോദരന്‍ ഇത്തരം വേഷങ്ങള്‍ ചെയ്യാന്‍ താല്പര്യമില്ലെന്നും ബാലചന്ദ്ര മേനോന്‍ പറയുന്നു.

തനിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പി ആര്‍ ഏജന്‍സികള്‍ ഇല്ലെന്നും അതുകൊണ്ടാണ് നയം വ്യക്തമാക്കാം എന്ന് കരുതിയതെന്നും ബാലചന്ദ്ര മേനോന്‍ പറയുന്നു. നായക വേഷം വേണമെന്ന് ആഗ്രഹമില്ല. എന്നാല്‍ വ്യത്യസ്തമായതും മോഹിപ്പിക്കുന്നതുമായ വേഷങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും താരം പറയുന്നു.

ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത അഭിനയിച്ച കൃഷ്ണ ഗോപാലകൃഷ്ണ എന്ന ചിത്രം പുറത്തിറങ്ങിയിട്ട് 19 വര്‍ഷങ്ങള്‍ തികയുകയാണ്. ചിത്രത്തെ കുറിച്ചുള്ള ഓര്‍മ്മകളാണ് താരം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പങ്കുവയ്ക്കുന്നത്. കൃഷ്ണ ഗോപാലകൃഷ്ണയിലെ ഒരു ചിത്രവും ഫെയ്സ്ബുക്ക് കുറിപ്പിനൊപ്പം അദ്ദേഹം പങ്കുവെക്കുന്നുണ്ട്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഈ ആളിനെ ഓര്‍മ്മയുണ്ടോ?
അഭിമാനപൂര്‍വ്വം ഞാന്‍ ഇദ്ദേഹത്തെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു .

ഗോപാലകൃഷ്ണന്‍ അല്ലെങ്കില്‍ ഗോപാല്‍കൃഷ്ണന്‍ ..
തന്റെ ജീവിതം കൈവിട്ടു പോയി എന്നറിയുന്ന നിസ്സഹായതയില്‍ നിങ്ങളായാലും ഇങ്ങനെ തന്നെ പ്രതികരിക്കും. അപ്പോള്‍ മുഖത്തിന്റെ ഭംഗി നോക്കില്ല. മനസ്സിന്റെ അകത്തളങ്ങളില്‍ കണ്ണീരുതിര്‍ക്കുന്ന നനവ് ആസ്വദിച്ചിരിക്കും .

ഇന്നേക്ക് 19 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ സമര്‍പ്പിച്ച ‘കൃഷ്ണാ ഗോപാലകൃഷ്ണ ‘ എന്ന ചിത്രമാണ് ഞാന്‍ പരാമര്‍ശിക്കുന്നത് . നിങ്ങള്‍ ഏറെ ഇഷ്ട്ടപ്പെട്ട ‘തലേക്കെട്ടുകാരനല്ല ‘ ഇത് . എന്നാല്‍ ഇങ്ങനെയും ഒരു മുഖം അയാള്‍ക്കുണ്ട് എന്ന് ഓര്‍മ്മപ്പെടുത്തുവാനാണ് ഈ കുറിപ്പ് ..
യൂ ട്യൂബ് , ഫേസ്ബുക് , പ്ലാറ്റുഫോമുകളില്‍ ഈയിടെയായി ഒരു പാട് പേര്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്:

‘ഇപ്പോള്‍ എന്താ അഭിനയിക്കാത്തത് ?’
തുറന്നു പറയട്ടെ , ആഗ്രഹമില്ലാഞ്ഞിട്ടല്ല ..മനസ്സിന് ആഹ്ലാദം തോന്നുന്ന ഒന്നും എതിരെ വരാത്തതുകൊണ്ടാ ..പിന്നെ വരുന്നത് സ്ഥിരം ഭര്‍ത്താവ്‌ അല്ലെങ്കില്‍ മോളെ കെട്ടിച്ചുവിടാന്‍ പാടുപെടുന്ന അച്ഛന്‍ , അല്ലേല്‍ ത്യാഗിയായ സഹോദരന്‍ ..ഇത്തരം എത്രയോ ‘ഓഫറുകള്‍’ ഞാന്‍ സ്നേഹപൂര്‍വ്വം നിരസിച്ചിട്ടുണ്ട് .

അതിന്റെ അര്‍ഥം നായകനായിട്ടുള്ള വേഷങ്ങള്‍ എന്നല്ല . അഭിനയ സാധ്യതയുള്ള , എന്തേലും വ്യത്യസ്തമായി തോന്നുന്ന അല്ലെങ്കില്‍ നമ്മെ മോഹിപ്പിക്കുന്ന കഥാപാത്രങ്ങള്‍ .ഗോപാലകൃഷ്ണനെപ്പോലെ ..

കഥ തിരക്കഥ സംഭാഷണം സംവിധാനം പോലെ തന്നെ അഭിനയത്തിലും ഞാന്‍ ഒറ്റക്കാണ് .എനിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന PRO മാരില്ല .എനിക്ക് വേണ്ടി പാലം പണിയാനുമാരുമില്ല .അതുകൊണ്ടാണ് പരസ്യമായി എന്റെ ‘ നയം വ്യക്തമാക്കാ’ മെന്നു കരുതിയത് .

‘കൃഷ്ണാ ഗോപാലകൃഷ്ണയെ ‘ തന്നെ കാലു വാരിയ ഒരുപിടി സംഭവങ്ങള്‍ ഉണ്ട് . (filmy FRIDAYS SEASON 3 ല്‍ വിശദമായി പറയാം .)

അപ്പോള്‍ പറഞ്ഞുവരുന്നത് ഞാന്‍ അഭിനയം നിര്‍ത്തി എന്നാരെങ്കിലും കരുതുന്നുവെങ്കില്‍ ആ ധാരണ മാറ്റുക . ഞാന്‍ എപ്പോഴും പറയാറുണ്ട് സിനിമയില്‍ വളരെ കുറച്ചു മാത്രം ‘ബലാത്സംഗത്തിന്’ വിധേയനായ നടനാണ് ഞാന്‍ .
അതുകൊണ്ടു തന്നെ പുതുമയുള്ള ഒരു അങ്കത്തിനു ബാല്യവുമുണ്ട് .

2021 ലെ പരസ്യമായ ഒരു നയ പ്രഖ്യാപനമായി ഈ വാക്കുകളെ ‘പുതിയ തലമുറയ്ക്ക് ‘ പരിഗണിക്കാം ..
ഇനി ഒരു രഹസ്യം പറയാം .രാവിലെ കണ്ണില്‍ പെട്ട എന്റെ ഗോപാലകൃഷ്ണന്റെ ഒരു ഫോട്ടോയാണ് ഈ കുറിപ്പിന് കാരണം .
that’s ALL your honour !

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button