Latest NewsLaw,NationalNewsUncategorized

ലൈംഗികപരമായ ഉള്ളടക്കം ഇതിൽ പലതിലുമുണ്ട്; ഒടിടി പ്ലാറ്റ്‍ഫോമുകളിൽ വരുന്ന ഉള്ളടക്കം പരിശോധിക്കാൻ ഒരു സ്ക്രീനിംഗ് സമിതി ആവശ്യമെന്ന് സുപ്രീംകോടതി

ദില്ലി: നെറ്റ്‍‍ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവയടക്കമുള്ള ഒടിടി പ്ലാറ്റ്‍ഫോമുകളിൽ വരുന്ന ഉള്ളടക്കം പരിശോധിക്കാൻ ഒരു സ്ക്രീനിംഗ് സമിതി ആവശ്യമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബഞ്ചാണ് വാക്കാൽ പരാമർശം നടത്തിയത്. പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് മുമ്പ് ഒടിടി പ്ലാറ്റ്‍ഫോമുകളിൽ പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കം പരിശോധനയ്ക്ക് വിധേയമാകണമെന്നാണ് സുപ്രീംകോടതി പറഞ്ഞത്. ലൈംഗികപരമായ ഉള്ളടക്കം ഇതിൽ പലതിലുമുണ്ടെന്നാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടുന്നത്.

ആമസോൺ പ്രൈമിൽ പ്രദർശിപ്പിക്കുന്ന താണ്ഡവ് എന്ന വെബ് സീരീസുമായി ബന്ധപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ പരാമർശം. മുൻകൂർ ജാമ്യം നിഷേധിച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ ആമസോൺ പ്രൈമിൻറെ വീഡിയോ ഹെഡ് അപർണ പുരോഹിത് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

വാക്കാൽ പരാമർശം നടത്തിയതിന് പുറമേ, ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിൻറെ അഭിപ്രായം തേടി സുപ്രീംകോടതി നോട്ടീസും നൽകി. ഒടിടി പ്ലാറ്റ്‍ഫോമുകളിലെ ഉള്ളടക്കം നിയന്ത്രിക്കാനായി കേന്ദ്ര ഐടി മന്ത്രാലയം കഴിഞ്ഞയാഴ്ച പുറത്തിറക്കിയ പുതിയ ഐടി റൂൾസ്, 2021- വ്യാപകമായി പ്രചരിപ്പിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.

അതേസമയം, ഇത്തരം എഫ്ഐആറുകൾ പ്രോത്സാഹിപ്പിക്കരുതെന്ന് ആമസോൺ പ്രൈമിൻറെ വീഡിയോ ഹെഡ് അപർണ പുരോഹിതിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി വാദിച്ചു. പബ്ലിസിറ്റി ആവശ്യമുള്ളവരാണ് ഇത്തരത്തിൽ വ്യാപകമായി എഫ്ഐആറുകൾ ഫയൽ ചെയ്തിരിക്കുന്നത്. പരാതികൾ പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും മുകുൾ റോഹ്തഗി വാദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button