Kerala NewsLatest NewsNationalSportsUncategorized

സർക്കാർ വാഗ്ദാനം കടലാസുകളിൽ കുടുങ്ങി; ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് കേരളം വിടാനൊരുങ്ങുന്നു

പട്യാല : സർക്കാർ വാഗ്ദാനം ചെയ്ത ജോലി കിട്ടാതായതോടെ ഒരു താരം കൂടി കേരളം വിടുന്നു. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് വി.കെ. വിസ്‌മയയാണ് കേരളം വിടാനൊരുങ്ങുന്നത്. ബാങ്ക് ഓഫ് ഇന്ത്യയിലെ ജോലി സ്വീകരിക്കുമെന്ന് വിസ്മയ  പറഞ്ഞു. സ്‌പോർട്സ് ക്വാർട്ടയിൽ ജോലി ഉത്തരവ് നൽകിയിരിക്കുകയാണിപ്പോൾ ബാങ്ക് ഓഫ് ഇന്ത്യ. പതിനഞ്ച് ദിവസത്തിനുള്ളിൽ ജോലിയിൽ പ്രവേശിക്കണം.

ജക്കാർത്ത ഏഷ്യാഡിൽ സ്വർണം നേടിയതിന് പിന്നാലെയാണ് വി.കെ. വിസ്മയ ഉൾപ്പടെയുള്ള താരങ്ങൾക്ക് സംസ്ഥാന സർക്കാർ ജോലി വാഗ്ദാനം ചെയ്തത്. കൊല്ലം മൂന്നായിട്ടും ജോലി ഇപ്പോഴും കടലാസുകളിൽ കുടുങ്ങിക്കിടക്കുന്നു. ടോക്യോ ഒളിംമ്പിക്‌സിനായി പട്യാലയിലെ ദേശീയ ക്യാമ്പിൽ പരിശീലനത്തിലാണ് ഇപ്പോൾ വിസ്‌മയ.

വിസ്‌മയ‌ക്കൊപ്പം ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മുഹമ്മദ് അനസ്, വി.നീന, പി.യു. ചിത്ര എന്നിവർക്ക് വാഗ്ദാനം ചെയ്ത ജോലിയും ഇപ്പോഴും കടലാസിൽത്തന്നെ. ഏഷ്യാഡിൽ ഒപ്പം മെഡൽ നേടിയ മറ്റ് സംസ്ഥാനങ്ങിലെ താരങ്ങളെല്ലാം ഉയ‍‍ർന്ന ജോലിയിൽ പ്രവേശിച്ചിട്ട് നാളുകളേറെയായെങ്കിലും മലയാളി താരങ്ങളുടെ കാത്തിരിപ്പ് തുടരുകയാണ്.

കണ്ണൂർ സ്വദേശിയായ വി.കെ. വിസ്മയ കോതമംഗലം സെന്റ് ജോർജ് സ്‌കൂളിലെത്തിയതോടെയാണ് കായിക രംഗത്തെ കുതിപ്പ് തുടങ്ങിയത്. 2018ലെ ഏഷ്യൻ ഗെയിംസിൽ 4×400 മീറ്റർ റിലേയിൽ സ്വർണം നേടിയ വനിത ടീമിലംഗമായി. 2019ൽ ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 4×400 മീറ്റർ റിലേയിലും 4×400 മീറ്റർ മിക്‌സഡ് റിലേയിലും വെള്ളി കരസ്ഥമാക്കി. ഇതേവർഷം ദോഹയിൽ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൻറെ 4×400 മീറ്റർ മിക്‌സഡ് റിലേ ഹീറ്റ്‌സിൽ 3:16:14 സമയം കുറിച്ചാണ് ടോക്യോക്ക് ടിക്കറ്റ് ഉറപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button