മലയാള സിനിമകളുടെ ചിത്രീകരണം പുനരാരംഭിക്കുന്നു.

കൊവിഡ് മൂലം നിർത്തിവച്ചിരുന്ന മലയാള സിനിമകളുടെ ചിത്രീകരണം പുനരാരംഭിക്കുന്നു. പുതിയ സിനിമകളുടെ ഷൂട്ടിംഗ് തുടങ്ങാമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ആണ് അറിയിച്ചിട്ടുള്ളത്. പുതിയ സിനിമകള്‍ വേണ്ടെന്നായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നേരത്തെ കൈക്കൊണ്ട നിലപാട്. ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്ന സിനിമകള്‍ ആദ്യം റിലീസ് ചെയ്യണമെന്നും നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുകയാണ്. അതിന് ശേഷം പുതിയ സിനിമകള്‍ റിലീസ് ചെയ്യാം. പൂര്‍ണ്ണമായും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും സിനിമകളുടെ ഷൂട്ടിംഗ് നടക്കുക.
നേരത്തെ പുതിയ ചിത്രങ്ങള്‍ തുടങ്ങേടെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും ഫിലിം ചേംബറിന്റെയും നിര്‍ദ്ദേശം തള്ളി ചില സിനിമകളുടെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. ജീത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ട്കെട്ടില്‍ ഒരുങ്ങുന്ന ദൃശ്യം 2 ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനത്തിനെതിരെ നിരവധി പേര് രംഗത്ത് വന്നു പുതിയ സിനിമകൾ പ്രഖ്യാപിക്കുകയുണ്ടായി. സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി, ആഷിഖ് അബു തുടങ്ങിയവര്‍ തങ്ങളുടെ പുതിയ സിനിമ പ്രഖ്യാപിച്ചിരുന്നു.