BusinessNationalNews

ബ്രാഞ്ച് വിപുലീകരണത്തിലൂടെ ബിസിനസ് വര്‍ധിപ്പിക്കാന്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര

കൊച്ചി: കൂടുതല്‍ ബ്രാഞ്ചുകള്‍ ആരംഭിച്ച് ബിസിനസ് വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ബാങ്ക് ഓഫ് മഹാരാഷ്ട്ര. ജൂണ്‍ മാസത്തോടെ രണ്ടായിരം കോടി രൂപയുടെ ബിസിനസും 30 ബ്രാഞ്ചുകളും ലക്ഷ്യമിട്ട് ബാങ്ക് ഓഫ് മഹാരാഷ്ട്ര. മാര്‍ച്ച് 31 ന് മുന്‍പ് പത്ത് പുതിയ ബ്രാഞ്ചുകള്‍ ആരംഭിക്കും. 1500 കോടി രൂപയുടെ ബിസിനസാണ് ഇക്കാലയളവില്‍ കേരളത്തില്‍ ബാങ്ക് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 600 കോടി രൂപയുടെ ബിസിനസായിരുന്നു കേരളത്തില്‍ നടന്നത്. നിലവില്‍ പതിനഞ്ച് ബ്രാഞ്ചുകളാണ് ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്കു കേരളത്തിലുള്ളത്. ലഘു, ചെറുകിട, ഇടത്തരം സംരംഭക മേഖലയിലും റീറ്റെയ്ല്‍, കാര്‍ഷിക മേഖലയിലും ബാങ്ക് ഓഫ് മഹാരാഷ്ട്ര സാന്നിധ്യം ശക്തിപ്പെടുത്തും.

സ്വര്‍ണപ്പണയത്തിലൂടെ 1500 കോടി രൂപയാണ് നിലവില്‍ ബാങ്ക് വായ്പ നല്‍കുന്നത്. അടുത്ത മാര്‍ച്ചോടെ ഇത് 3000 കോടിയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് ബാങ്ക് ഓഫ് മഹാരാഷ്ട്ര എം.ഡിയും സി.ഇ.ഒയുമായ എ.എസ്. രാജീവ് പറഞ്ഞു. ബ്രാഞ്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും സോണല്‍ ഓഫീസ് സ്ഥാപിക്കുകയും ചെയ്യുന്നതോടെ വായ്പകളും മറ്റും അനുവദിക്കാനുള്ള കാലതാമസം ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരുപത് ശതമാനത്തിനു മേലെയായിരുന്ന നിഷ്‌ക്രിയ ആസ്തി 7.69 ശതമാനത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

പലഘട്ടങ്ങളിലായി ബാങ്കിനെ കൈവിട്ട ഇടപാടുകാരെ തിരികെ കൊണ്ടു വരുന്ന ഘര്‍വാപ്പസി പദ്ധതിയിലൂടെ 25000 ഉപഭോക്താക്കളെ തിരികെ എത്തിക്കാന്‍ കഴിഞ്ഞതായി അദ്ദേഹം വെളിപ്പെടുത്തി. ഈ ഇനത്തിലൂടെ മാത്രം ഏകദേശം 1200 കോടി രൂപ നേടാന്‍ ബാങ്കിന് കഴിഞ്ഞു. കോവിഡ് നേരിടാനുള്ള വിവിധ പദ്ധതികള്‍ക്കായി 1150 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഓഗസ്റ്റ് വരെ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തവരെ നിഷ്‌ക്രിയ ആസ്തിയായി കണക്കാക്കുകയില്ല. ഈ വര്‍ഷം രണ്ടാം പാദത്തില്‍ അറ്റാദായം 13.4 ശതമാനം വര്‍ധിച്ച് 135 കോടിയിലെത്തി. 12.15 ശതമാനം വളര്‍ച്ചയാണ് ഈ വര്‍ഷം ബാങ്ക് പ്രതീക്ഷിക്കുന്നത്. കുറഞ്ഞ പലിശനിരക്കില്‍ ഭവന-വാഹന-വിദ്യാഭ്യാസ വായ്പകള്‍, എല്‍.എ.പി എന്നിവ ബാങ്ക് ഓഫ് മഹാരാഷ്ട്ര നല്‍കി വരുന്നു. എത്ര തുകയ്ക്കുള്ള ഭവന വായ്പയാണെങ്കിലും 90 ശതമാനം വരെ വായ്പ നല്‍കും. 48 മണിക്കൂറിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് വായ്പ ലഭ്യമാക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button