ബാങ്ക് കൊള്ളയടിച്ചതും മാനേജറെ കൊലപ്പെടുത്തിയതും മുന്‍ ബാങ്ക് മാനേജര്‍; പോലീസ് നിഗമനം.
മുംബൈ:വിരാറിലെ ഐ സി ഐ സി ഐ ബാങ്ക് കൊള്ളയടിച്ചത് ബാങ്കിലെ മുന്‍ മാനേജറാണെന്ന് പോലീസ് നിഗമനം. ഇപ്പോഴത്തെ ബാങ്ക് മാനേജറെ കൊലപ്പെടുത്തിയാണ് കവര്‍ച്ചാസംഘം ബാങ്ക് കൊള്ളയടിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
ബാങ്കില്‍ കവര്‍ച്ച നടത്താന്‍ മുന്‍ മാനേജറും സംഘവും വന്നപ്പോള്‍ ഇപ്പോഴത്തെ ബാങ്ക് മാനേജറും കാഷ്യറും ബാങ്കിലുണ്ടായിരുന്നു. മാനേജരെയും കാഷ്യറിനെയും ഭീഷണിപെടുത്തി ലോക്കറിനടുത്തേക്ക് കൊണ്ടു പോയ കവര്‍ച്ചാ സംഘം ലോക്കറിലെ പണം ബാഗില്‍ നിറയ്ക്കാന്‍ പറഞ്ഞു. എന്നാല്‍ മാനേജര്‍ അലാറം ബെല്‍ അമര്‍ത്താന്‍ ശ്രമിച്ചു. ഇതു കണ്ട കവര്‍ച്ചാ സംഘം റേസര്‍ ഉപയോഗിച്ച് മാനേജറുടെ കഴുത്ത് മുറിക്കുകയായിരുന്നു.
കാഷ്യറെയും ആക്രമിക്കാന്‍ സംഘം ശ്രമിച്ചെങ്കിലും കാഷ്യര്‍ പുറത്തേക്ക് ഓടുകയും ശബ്ദമുണ്ടാക്കി ആളുകളെ അറിയിക്കുകയുമായിരുന്നു. ശബ്ദം കേട്ട് ആളുകള്‍ എത്തിയതോടെ കവര്‍ച്ചാ സംഘം രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പ്രതികളിലൊരാള്‍ നാട്ടുകാരുടെ പിടിയിലാകുകയായിരുന്നു.
സംഭവം പോലീസ് അറിഞ്ഞതോടെ പ്രതിയെ അറസ്റ്റു ചെയ്തു. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് കവര്‍ച്ചാ സംഘത്തിന്റെ വിവരം പുറത്തു വന്നത്. ഇതിലൂടെയാണ് ബാങ്കിലെ മുന്‍ മാനേജറാണ് കവര്‍ച്ച നടത്തിയതെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്.