ബാങ്ക് മാനേജറുടെ കൊലപാതകം; ഒരു കോടി രൂപയുടെ ബാധ്യതയുണ്ടെന്ന് പ്രതി
മുംബൈ:വിരാറിലെ ഐ സി ഐ സി ഐ ബാങ്ക് കൊള്ളയടിച്ചതിന് പിന്നിലെ രഹസ്യം പ്രതിയായ മുന്‍ ബാങ്ക് മാനേജര്‍ പോലീസിനോട് തുറന്നു പറഞ്ഞു. മുന്‍ ബാങ്ക് മാനേജര്‍ അനില്‍ ഈ ബാങ്കില്‍ നിന്നും ഒരു കോടിയോളം രൂപ വായ്പ എടുത്തിരുന്നു. ഈ പണം തിരിച്ചടക്കാന്‍ മറ്റു മാര്‍ഗം ഇല്ലാത്തതിനാല്‍ ബാങ്ക് കൊള്ളയടിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇതിനായി രണ്ടുപേരെയും കൂട്ടിയാണ് കവര്‍ച്ച നടത്താന്‍ ശ്രമിച്ചതെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി.
ഇപ്പോഴത്തെ ബാങ്ക് മാനേജറെ കൊലപ്പെടുത്തിയാണ് കവര്‍ച്ചാസംഘം ബാങ്ക് കൊള്ളയടിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
ബാങ്കില്‍ കവര്‍ച്ച നടത്താന്‍ മുന്‍ മാനേജറായ അനിലും സംഘവും വന്നപ്പോള്‍ ഇപ്പോഴത്തെ ബാങ്ക് മാനേജറും കാഷ്യറും ബാങ്കിലുണ്ടായിരുന്നു. മാനേജരെയും കാഷ്യറിനെയും ഭീഷണിപെടുത്തി ലോക്കറിനടുത്തേക്ക് കൊണ്ടു പോയ കവര്‍ച്ചാ സംഘം ലോക്കറിലെ പണം ബാഗില്‍ നിറയ്ക്കാന്‍ പറഞ്ഞു. എന്നാല്‍ മാനേജര്‍ അലാറം ബെല്‍ അമര്‍ത്താന്‍ ശ്രമിച്ചു. ഇതു കണ്ട കവര്‍ച്ചാ സംഘം റേസര്‍ ഉപയോഗിച്ച് മാനേജറുടെ കഴുത്ത് മുറിക്കുകയായിരുന്നു.
കാഷ്യറെയും ആക്രമിക്കാന്‍ സംഘം ശ്രമിച്ചെങ്കിലും കാഷ്യര്‍ പുറത്തേക്ക് ഓടുകയും ശബ്ദമുണ്ടാക്കി ആളുകളെ അറിയിക്കുകയുമായിരുന്നു. ശബ്ദം കേട്ട് ആളുകള്‍ എത്തിയതോടെ കവര്‍ച്ചാ സംഘം രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പ്രതികളിലൊരാള്‍ നാട്ടുകാരുടെ പിടിയിലാകുകയായിരുന്നു. സംഭവം പോലീസ് അറിഞ്ഞതോടെ സംഭവ സ്ഥലത്തെത്തുകയും അനിലിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടര്‍ന്നു ഇയാളെ ചോദ്യം ചെയ്തതിലാണ് കവര്‍ച്ച നടത്താനുണ്ടായിരുന്ന സാഹചര്യം പുറംലോകം അറിയുന്നത്.