ബാർജ് മുങ്ങിയുണ്ടായ ദുരന്തത്തിൽ മരണം 26 ആയി: 49 പേർക്കായുള്ള തെരച്ചിൽ തുടരുന്നു
മുംബൈ: ‘ടൗടെ’ ചുഴലിക്കാറ്റിൽ മുംബൈ തീരത്ത് ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ ഇതുവരെ മരണം 26 ആയി. 186 പേരെ രക്ഷപ്പെടുത്തി. 49 പേരെ കണ്ടെത്താനുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. നേവിയുടെ ആറ് കപ്പലുകളും ഹെലികോപ്റ്ററുകളുമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നത്. അപകടത്തിൽ പെട്ട ബാർജിൽ 29 മലയാളികളുണ്ടായിരുന്നു. ഇതിൽ 22 പേർ സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ ബേലാപ്പൂരിലെ ഹോടെലിലേക്ക് മാറ്റി.
ചുഴലിക്കാറ്റിനെ തുടർന്ന് തിങ്കളാഴ്ചയാണ് നങ്കൂരം പൊട്ടി പാപ്പാ 305 എന്ന ബാർജ് മുങ്ങിയത്. ചുഴലിക്കാറ്റിൽ നിയന്ത്രണം വിട്ട് ഓയിൽ റിഗിലെ പ്ലാറ്റ്ഫോമിൽ ഇടിച്ചാണ് അപകടത്തിൽപ്പെട്ടത്. ഒഎൻജിസിയ്ക്കായി പ്രവർത്തിക്കുന്ന ബാർജാണ് പാപ്പാ 305. ചുഴലിക്കാറ്റിനോടൊപ്പം 4 മീറ്ററിലധികം ഉയർന്ന തിരകളും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി.
ചുഴലിക്കാറ്റിൽ അപകടത്തിൽ പെട്ട മറ്റ് ബാർജുകളിലുള്ളവരെല്ലാം സുരക്ഷിതരാണ്. ഓയിൽ റിഗുകളിലൊന്നായ സാഗർ ഭൂഷണിൽ കുടുങ്ങിയ 101 പേർക്ക് താമസ സൗകര്യം ഒരുക്കുന്ന ബാർജുകളിലൊന്നിലുണ്ടായിരുന്ന 196 പേരെയും കരയിലെത്തിച്ചു. ഗാൾ കൺസ്ട്രക്ടർ എന്ന മറ്റൊരു ബാർജിലുണ്ടായിരുന്ന 137 പേരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്.