കോട്ടയത്ത് മരത്തില്‍ പോത്തിനെ കെട്ടി തൂക്കിക്കൊന്നു

കോട്ടയം : കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച് കൊണ്ട് മിണ്ടാപ്രാണിയോട് വീണ്ടും ക്രൂരത. കോട്ടയത്ത് പോത്തിനെ മരത്തില്‍ കെട്ടിത്തൂക്കി കൊന്നു. വളര്‍ത്തുനായയെ കാറില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയതിനും ഗര്‍ഭിണിയായ പശുവിനെ തൂക്കിക്കൊന്ന സംഭവത്തിനും പിന്നാലെയാണ് സംസ്ഥാനത്ത് വീണ്ടും സമാനമായ ക്രൂരത പുറത്തുവരുന്നത്.
കോട്ടയം മണര്‍കാടാണ് ഒരു വയസായ പോത്തിനെയാണ് മരത്തില്‍ കെട്ടിത്തൂക്കി കൊന്നത്. ഉടമയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ പോത്തിനെ പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് പോലീസ് അറിയിച്ചു.
അരീപ്പറമ്ബ് മൂലക്കുളം രാജുവിന്റെ പോത്തിനെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. വീടിന് സമീപമുള്ള മരത്തില്‍ പോത്തിനെ കെട്ടിയിട്ടതാണ്. എന്നാല്‍ സമീപത്തെ റബ്ബര്‍ തോട്ടത്തിലെ മരത്തിന് ചുവട്ടില്‍ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് രാജുവിന്റെ ആരോപണം. അതേസമയം മരച്ചുവട്ടില്‍ ചത്ത് കിടന്ന പോത്തിന്റെ കഴുത്തിലെ കയര്‍ പത്തടിയോളം ഉയരമുള്ള മരത്തിന്റെ ശിഖരത്തില്‍ തൂങ്ങിക്കിടക്കുകയായിരുന്നു. പോലീസ് എത്തിയ ശേഷമാണ് കയര്‍ മുറിച്ച് മാറ്റിയത്.