”സിനിമ നിർമ്മിക്കാൻ ദളിതർക്കും സ്ത്രീകൾക്കും ധനസഹായം നൽകും മുമ്പ് പരിശീലനം നൽകണം”; അടൂർ ഗോപാലകൃഷ്ണൻ
സിനിമാ കോണ്‍ക്ലേവില്‍ സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്ന സിനിമകളെ കുറിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശം വിവാദമായി. സ്ത്രീകളും പട്ടികജാതി-പട്ടികവര്‍ഗക്കാരും സര്‍ക്കാര്‍ ഫണ്ടില്‍ സിനിമ നിര്‍മിക്കാന്‍ ഇറങ്ങുന്നതിനെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“സര്‍ക്കാര്‍ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് നല്‍കുന്ന ധനസഹായം ഒന്നരക്കോടിയാണ്. ഉദ്ദേശ്യം നല്ലതാണെങ്കിലും, ഇത് അഴിമതിക്ക് വഴിയൊരുക്കുന്നു എന്ന് ഞാന്‍ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. ഈ തുക മൂന്ന് പേര്‍ക്കായി വിഭജിക്കണം. കൂടാതെ, അവര്‍ക്ക് മൂന്ന് മാസം വിദഗ്ധരുടെ ഇന്റന്‍സീവ് പരിശീലനം നല്‍കണമെന്നും നിര്‍ബന്ധമാക്കണം,” അടൂര്‍ പറഞ്ഞു.
സര്‍ക്കാര്‍ പണം ലഭിക്കുന്നവര്‍ പരാതിപ്പെടുന്നതായും, ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന നികുതി പണത്തിന്റെ പ്രാധാന്യം അവരെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. “ഈ തുക വാണിജ്യ സിനിമയ്ക്കായല്ല. സ്ത്രീയായത് കൊണ്ടുമാത്രം ധനസഹായം നല്‍കരുത്, അവര്‍ക്കും ആവശ്യമായ പരിശീലനം വേണം. എല്ലാ പ്രയാസങ്ങളും മനസിലാക്കിയ ശേഷമേ പണം സ്വീകരിക്കാവൂ. പരിശീലനമില്ലാതെ സിനിമ നിര്‍മിച്ചാല്‍ ആ നിക്ഷേപം നഷ്ടമാകും,” അടൂര്‍ കൂട്ടിച്ചേർത്തു.
തലസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് സിനിമാ കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നിയമസഭാ സമുച്ചയത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചിലാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. മോഹന്‍ലാലും സുഹാസിനിയും ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥികളായിരുന്നു.
Tag: “Before providing financial assistance to Dalits and women to make films, they should be trained”; Adoor Gopalakrishnan