നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ എംഎല്‍എ കെ.ബി.ഗണേഷ് കുമാറിന്റെ സെക്രട്ടറി പ്രദീപ് കോട്ടത്തലയ്ക്ക് ബേക്കൽ സ്റ്റേഷനിൽ ഹാജരാകാൻ പോലീസ് നോട്ടീസ്.

കാസർഗോഡ് / നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ എംഎല്‍എ കെ.ബി.ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടത്തലയ്ക്ക് ബേക്കൽ സ്റ്റേഷനിൽ ഹാജരാകാൻ പോലീസ് നോട്ടീസ് നൽകി. രണ്ട് ദിവസത്തിനുള്ളിൽ ചോദ്യം ചെയ്യലിനു ബേക്കൽ സ്റ്റേഷനിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിട്ടുള്ളത്. പ്രദീപ് കോട്ടത്തല നടി കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ബേക്കല്‍ പോലീസ് ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നൽകിയിരുന്നതാണ്. കേസിലെ മാപ്പുസാക്ഷിയായ കാസര്‍ഗോഡ് ബേക്കല്‍ സ്വദേശി വിപിന്‍ ലാലിനെ കഴിഞ്ഞ ജനുവരി 24 നും 28 നും ഫോണില്‍ വിളിച്ചും സെപ്റ്റംബര്‍ 24 നും 25 നും സന്ദേശങ്ങള്‍ അയച്ചും പ്രദീപ് ഭീഷണിപ്പെടുത്തിയതായാണ് പോലീസിന്റെ റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്.
കൊല്ലം കോട്ടാത്തല സ്വദേശിയായ പ്രദീപ്കുമാര്‍ ജനുവരിയില്‍ കാസര്‍ഗോഡ് ജില്ലയില്‍ എത്തിയിരുന്നതായും പോലീസ് കണ്ടെത്തിയി ട്ടുണ്ട്. 24 ന് ഇയാള്‍ കാഞ്ഞങ്ങാട്ടുള്ള സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്തിരുന്നതിന്റെ രേഖകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പിന്നീട് ബേക്കല്‍ തൃക്കണ്ണാട്ടെ വിപിന്റെ ബന്ധുവീട്ടിലും പ്രദീപ്കുമാര്‍ പോയിരുന്നു. തുടർന്ന് കാഞ്ഞങ്ങാട്ടെ ജ്വല്ലറിയിലെത്തി അവിടെ ജോലിചെയ്യുന്ന വിപിന്റെ അടുത്ത ബന്ധുവിനെ നേരില്‍ കാണുകയും ഇയാളില്‍നിന്ന് നമ്പര്‍ വാങ്ങി വിപിന്റെ അമ്മയെ ഫോണില്‍ വിളിക്കുകയും ചെയ്യുകയുണ്ടായി. പ്രദീപ്കുമാർ കാസർകോട് എത്തിയ ശേഷമുള്ള ഫോൺ വിളി രേഖകളും, ജ്വല്ലറിയില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
വിപിനെ നേരിട്ടുകാണാന്‍ കഴിയാതിരുന്നതിനാല്‍ പിന്നീട് കത്തുകളയച്ച് സമ്മര്‍ദം ചെലുത്തിവന്നു. പ്രദീപ്കുമാറിന്റെ ഇടപെടലുകളെ തുടർന്ന് കഴിഞ്ഞ സെപ്റ്റംബര്‍ 26 നാണ് വിപിന്‍ ബേക്കല്‍ പോലീസില്‍ പരാതി നല്കി. വിചാരണക്കോടതിക്കെതിരേ നടിയും പ്രോസിക്യൂഷനും പരാതിയുമായി രംഗത്തെത്തിയ സാഹചര്യത്തില്‍ കേസിന്റെ വിചാരണനടപടികള്‍ ഹൈക്കോടതി താത്കാലികമായി തടഞ്ഞിരിക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. ഇതിനു മുൻപ് , സോളാര്‍ കേസില്‍ കോടതി മുമ്പാകെ മൊഴി നല്കിയ ഇരയെ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ എത്തി മൊഴിമാറ്റാന്‍ നിര്‍ബന്ധിച്ചെന്ന ആരോപണവും പ്രദീപിനെതിരേ ഉയര്‍ന്നിരുന്നു. സൂചനകളുടെ അടിസ്ഥാനത്തില്‍ സോളാര്‍ കമ്മീഷന് ഇയാളെ വിളിപ്പിക്കുകയും ചെയ്തിരുന്നതാണ്.