ചുവടു വച്ച് അരമണി കിലുക്കി, ശക്തന്റെ തട്ടകത്തിൽ നിറഞ്ഞാടി പുലികൾ

ശക്തന്റെ തട്ടകത്തിൽ നിറഞ്ഞാടി പുലികൾ. വർഷങ്ങളായി പതിവുപോലെ ഇത്തവണയും തൃശൂർ നഗരത്തിലാകെ വർണപ്പകിട്ടാർന്ന പുലികൾക്കാണ് ആഘോഷത്തിന്റെ ചൂട്. പ്രായഭേദമെന്യേ നൂറുകണക്കിന് പേരാണ് പുലികളിയിൽ പങ്കെടുത്തിരിക്കുന്നത്.
അയ്യന്തോൾ ദേശം ഇത്തവണ പ്രത്യേക പുതുമയും അവതരിപ്പിച്ചു — കുടകളുമായി പുലികൾ അരങ്ങേറ്റം കുറിച്ചു. വൈകിട്ട് നാലരയോടെയാണ് പുലിക്കളിക്ക് തുടക്കമായത്. ഒമ്പത് സംഘങ്ങളിലായി 459 പുലികളാണ് നഗരത്തിൽ ഇറങ്ങിയത്. തൃശൂർ റൗണ്ടിലും തേക്കിൻകാട് മൈതാനത്തും ആയിരങ്ങൾ കൂടിയെത്തി പുലിക്കളി ആസ്വദിക്കുകയാണ്.
അയ്യന്തോൾ, കുട്ടൻകുളങ്ങര, സീതാറാം മിൽ ദേശം, ചക്കാമുക്ക് ദേശം, നായ്ക്കനാൽ പുലികളി സമാജം, വിയ്യൂർ യുവജന സംഘം, ശങ്കരങ്കുളങ്ങര, വെളിയന്നൂർ, പാട്ടുരായ്ക്കൽ എന്നീ ഒമ്പത് പുലിമടകളാണ് ഇത്തവണ രംഗത്തെത്തിയത്. കാലേക്കൂട്ടി തന്നെ മുഖമെഴുത്തും വയറന്മാരുടെ ബുക്കിംഗും പൂർത്തിയായി. 5,000 മുതൽ 50,000 രൂപവരെ വിലയ്ക്കാണ് വയറുകൾ ലഭിച്ചത്. ഞായറാഴ്ച മുതൽ ചായം അരക്കൽ തുടങ്ങിയ സംഘങ്ങൾ ഇന്ന് പുലർച്ചെ തന്നെ ഒരുക്കങ്ങൾ പൂർത്തിയാക്കി. ഉച്ചയോടെ മുഴുവൻ മുഖമെഴുത്തും ചമയങ്ങളും അവസാനിച്ചു.
ഉച്ചതിരിഞ്ഞ് പുലിത്താളത്തിന്‍റെ അകമ്പടിയോടെ അരമണി കെട്ടി കുമ്പം കുലുക്കി 51 പുലികൾ വീതമുള്ള ഓരോ സംഘങ്ങളും സ്വരാജ് റൗണ്ടിലെത്തിയതോടെ പുലിക്കളിക്ക് ഔപചാരിക തുടക്കമായി. വരയൻ പുലിയും പുള്ളിപ്പുലിയും, ഫ്ലൂറസെന്റ് പുലികളും പെൺപുലികളും ഉൾപ്പെടെ നിറഞ്ഞുനിന്നപ്പോൾ, ചില സർപ്രൈസുകളും സംഘങ്ങൾ സജ്ജമാക്കിയിരുന്നു. പുലികൾ മാത്രമല്ല, ആവനാഴിയിൽ നിശ്ചലദൃശ്യങ്ങളും പ്രേക്ഷകർക്ക് പുതുമയായി. തെക്കേഗോപുരനടയിൽ ഭീമൻ അത്തപ്പൂക്കളത്തോടെ ആരംഭിച്ച തൃശൂരിന്റെ ഓണാഘോഷങ്ങൾക്ക് പുലിക്കളിയാണ് സമാപനഘോഷമായി.
Tag: bell rang with a clanging sound, and tigers swarmed the powerful man’s loft