ബേപ്പൂരിൽ നിന്ന് പോയ രണ്ട് മത്സ്യബന്ധന ബോട്ടുകൾ കാണാതായി; ബോട്ടുകളിലുള്ളത് 30 പേർ
കോഴിക്കോട്: ബേപ്പൂരിൽ നിന്ന് മത്സ്യത്തൊഴിലാളികളുമായി പോയ രണ്ട് ബോട്ടുകൾ കാണാതായി. ഈ മാസം 5-ാം തീയതി ബേപ്പൂരിൽനിന്ന് പോയ മിലാദ് 3 എന്ന ബോട്ടും 10-ാം തീയതി പോയ അജ്മീർ ഷാ എന്ന ബോട്ടുമാണ് കാണാതായത്. രണ്ട് ബോട്ടുകളിലുമായി 30ഓളം പേര് ഉണ്ട്.
മിലാദ് 3 എന്ന ബോട്ട് ഗോവൻ തീരത്ത് തകരാറിലായതായും ഇതിലെ 15 തൊഴിലാളികളും ഇവിടെ കുടുങ്ങിക്കിടക്കുന്നതായും സൂചനയുണ്ട്. ബോട്ടിന് യന്ത്ര തകാരാർ ഉണ്ടായെന്ന സൂചനകളാണ് ഇന്ന് രാവിലെ ലഭിച്ചത്. മിലാദ് 3 ഗോവൻ തീരത്തുനിന്നും 7 നോട്ടിക്കൽ മൈൽ അകലെയാണുള്ളതെന്നും സൂചനയുണ്ട്. എന്നാൽ അജ്മീർ ഷാ എന്ന ബോട്ടിലുണ്ടായിരുന്ന 15 പേർ എവിടെയാണെന്നോ എന്തു സംഭവിച്ചെന്നോ ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.
കാണാതായ ബോട്ടുകളിലുള്ളവർ തമിഴ്‌നാട് സ്വദേശികളാണെന്നാണ് വിവരം. ഇവർക്കായി കോസ്റ്റ് ഗാർഡ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്തിയാർജിച്ച് ടൗട്ടെ ചുഴലിക്കാറ്റായി മാറിയതോടെ കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റിയും മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഈ രണ്ട് ബോട്ടുകളും ഇതിനു മുൻപ് പുറപ്പെട്ടവയാണെന്നാണ് മനസിലാക്കുന്നത്.