CrimeKerala NewsLatest NewsLaw,Local NewsNews

പ്രതിഷേധം കത്തിയപ്പോൾ പോക്‌സോ കേസ് പ്രതിക്കെതിരെ ക്രൈംബ്രാഞ്ച് നിസാര വകുപ്പുകൾ മാത്രം ചുമത്തി കുറ്റപത്രം സമർപ്പിച്ചു.

നാടും നഗരവും പ്രതിഷേധത്തിലായപ്പോൾ പാലത്തായിയിലെ പോക്‌സോ കേസ് പ്രതിക്കെതിരെ ക്രൈംബ്രാഞ്ച് ഒടുവിൽ കുറ്റപത്രം സമർപ്പിച്ചു. കണ്ണൂർ പാലത്തായിയിൽ പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ ബി.ജെ.പി നേതാവ് പത്മരാജന്‍ പീഡിപ്പിച്ച കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിനെതിരെ പ്രതിഷേധം ആളിക്കത്തിയതോടെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. ഭാഗിക കുറ്റപത്രമാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ സമർപ്പിച്ചത്. താരതമ്യേന നിസ്സാര വകുപ്പായ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 82-ാം വകുപ്പ് ചുമത്തിയാണ് തലശ്ശേരി പോക്‌സോ കോടതിയിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പോക്സോ വകുപ്പുകൾ നിലവിൽ ചുമത്തിയിട്ടില്ല. ഡി.വൈ.എസ്.പി മധുസൂധനൻ ആണ് കുറ്റപത്രം സമർപ്പിച്ചത്. കുട്ടികളെ അധ്യാപകൻ ശാരീരികമായി ഉപദ്രവിച്ചെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നെങ്കിലും, പോക്സോ വകുപ്പുകൾ പ്രതിക്കെതിരെ കുറ്റപത്രത്തിൽ ചുമത്താതിരിക്കുന്നതും,കുറ്റപത്രം സമർപ്പിക്കാൻ വൈകിപ്പിച്ചതിനൊപ്പം ദുരൂഹത സൃഷ്ടിച്ചിരിക്കുകയാണ്.ലൈംഗിക ഉപദ്രവത്തെ സംബന്ധിച്ച് തുടരന്വേഷണം നടത്തണമെന്നാണ് ക്രൈം ബ്രാഞ്ച് ഇപ്പോൾ ഇതേപ്പറ്റി പറയുന്നത്.

പെൺകുട്ടിയുടെ മനോനില ശരിയല്ലാത്തതിനാൽ പോക്‌സോ വകുപ്പുകൾ ചുമത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിഞ്ഞില്ലെന്നും പ്രതിയുടെ ഫോൺ രേഖകൾ അടക്കമുള്ള ശാസ്ത്രീയ രേഖകൾ ലഭിച്ചിട്ടില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചതായാണ് വിവരം. കേസിൽ കുറ്റപത്രം വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ, റിമാന്‍റ് കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽ ക്കെയാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
പ്രതി പത്മരാജന്‍ പെണ്‍കുട്ടിയെ സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് ആദ്യം പീഡിപ്പിക്കുകയും പിന്നീട് പൊയിലൂരിലെ ഒരു വീട്ടില്‍ കൊണ്ടു പോയി മറ്റൊരാള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്നാണ് പരാതി ഉണ്ടായിരുന്നത്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധങ്ങള്‍ക്ക് ശേഷം പ്രതിയെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായ പോലീസ് കേസെടുത്ത് ഒരുമാസത്തിനു ശേഷമാണ് പ്രതിയെ പിടികൂടുന്നത്. പോക്സോ നിയമപ്രകാരം
ലോക്കൽ പോലീസ് കേസെടുത്ത സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 82-ാം വകുപ്പ് മാത്രം ചുമത്തിയാണ് തലശ്ശേരി പോക്‌സോ കോടതിയിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത് എന്നതാണ് കൗതുകകരം. പ്രതിയായ കുനിയിൽ പത്മരാജൻ നിലവിൽ തലശേരി സബ്ജയിലിൽ റിമാൻഡിലാണ്. ഐജി ശ്രീജിത്തിന്‍റെ നേതൃത്വത്തിലുളള പ്രത്യേക സംഘമാണ് കേസിന്റെ അന്വേഷണ ചുമതല വഹിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button