മദ്യത്തിന് ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനം മുഴുവന്‍ ജില്ലകളിലും.
തിരുവനന്തപുരം: ബിവറേജസ് കോര്‍പറേഷന്റെ ഓണ്‍ലൈന്‍ വിദേശമദ്യബുക്കിങ് സംവിധാനം മുഴുവന്‍ ജില്ലയിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനം. മദ്യവില്‍പ്പനശാലകളിലെ തിരക്കൊഴിവാക്കാനായി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ പദ്ധതി വിജയകരമായതോടെയാണ് എല്ലാ ജില്ലകളിലും സംവിധാനം കൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കുന്നത്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവടങ്ങളിലായി, മൂന്ന് ഔട്ലെറ്റുകളിലാണ് ഓണ്‍ലൈന്‍ ബുക്കിംഗ് ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കിയത്. ബെവ്കോയുടെ വെബ്സൈറ്റില്‍ പേയ്മെന്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മദ്യം തെരഞ്ഞെടുത്ത് പണമടച്ച് കഴിഞ്ഞാല്‍ ചില്ലറ വില്‍പനശാലയുടെ വിവരങ്ങളും, മദ്യം കൈപ്പറ്റേണ്ട സമയവും അടങ്ങിയ എസ്.എം.എസ് സന്ദേശം രജിസ്റ്റര്‍ ചെയ്ത് മൊബൈല്‍ നമ്പറിലേക്ക് ലഭിക്കും.
വില്‍പ്പനശാലയിലെത്തി എസ്.എം.എസ് കാണിച്ച് മദ്യം വാങ്ങാം എന്നതാണ് സംവിധാനം. പരീക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞ് ചൊവ്വാഴ്ച്ച സംവിധാനം നടപ്പിലാക്കി. ആദ്യ ദിനം മൂന്ന് ഔട്ട്‌ലെറ്റില്‍നിന്നായി 170 പേര്‍ ബുക്ക് ചെയ്ത് മദ്യം വാങ്ങി. 2,60,992 രൂപയുടേതാണിത്. ബുധനാഴ്ച 179 പേര്‍ 3,75,380 രൂപയുടെയും വ്യാഴാഴ്ച വൈകിട്ട് അഞ്ച്വരെ 200 പേര്‍ നാല് ലക്ഷം രൂപയുടെയും മദ്യം വാങ്ങി.
അതേസമയം മദ്യം വീട്ടിലെത്തിച്ച് നല്‍കില്ല. അതീവ ഗുരുതരമായ സ്ഥിതി വിശേഷമാണ് സംസ്ഥാനത്തുള്ളതെന്നും ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൂര്‍ണ്ണമായും അടച്ചിടല്‍ ഏര്‍പ്പെടുത്തുകയല്ലാതെ മറ്റ് നിവൃത്തിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. മദ്യം വാങ്ങാനെത്തുന്നവരെ രോഗത്തിന് മുന്നിലേക്ക് തള്ളി വിടാനാകില്ലെന്ന് ഇക്കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.
അതിനാല്‍ മറ്റു മേഖലകളിലെ നിയന്ത്രണങ്ങള്‍ മദ്യവില്‍പന ശാലയിലും ബാധകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ സംവിധാനം ഒരുക്കിയത്. ഒരു വര്‍ഷം മുമ്ബാണ് മുഴുവന്‍ ഔട്ട്‌ലെറ്റും വെയര്‍ഹൗസുകളും ബെവ്‌കോ ആസ്ഥാനവും ബന്ധിപ്പിച്ചുളള ഓണ്‍ലൈന്‍ പദ്ധതി ആവിശ്കരിച്ചത്.
ഇതിന്റെ ഭാഗമായി 28 ഔട്ട്‌ലെറ്റില്‍ കംപ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയായി. പരീക്ഷണം വിജയിച്ചാല്‍ കൂടുതല്‍ ഔട്ലെറ്റുകളിലേക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം വ്യാപിപ്പിക്കുമെന്ന് ബവ്കോ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മുഴുവന്‍ ജില്ലയിലേക്കും ഓണ്‍ലൈന്‍ വിദേശമദ്യബുക്കിങ് സംവിധാനം നടപ്പിലാക്കുകയാണെന്ന് ബെവ്‌കോ അറിയിക്കുന്നത്.