മദ്യക്കുപ്പി തിരികെ നൽകിയാൽ പണം നൽകുന്ന പദ്ധതി സെപ്റ്റംബർ ഒന്ന് മുതൽ ആരംഭിക്കില്ലെന്ന് ബെവ്കോ
മദ്യക്കുപ്പി തിരികെ നൽകിയാൽ പണം നൽകുന്ന പദ്ധതി സെപ്റ്റംബർ 1-മുതൽ ആരംഭിക്കില്ലെന്ന് ബെവ്കോ വ്യക്തമാക്കി. പദ്ധതി 10 മുതൽ മാത്രമേ നടപ്പാക്കൂ. ഓണക്കച്ചവടം പരിഗണിച്ചാണ് തീരുമാനം മാറ്റിയതെന്ന് അധികൃതർ പറഞ്ഞു.
പൈലറ്റ് പദ്ധതി നടപ്പാക്കുന്ന തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ സെപ്റ്റംബർ 10 മുതൽ മദ്യത്തിന് 20 രൂപ അധികം നൽകേണ്ടിവരും. ഇത് ഒരു ഡെപ്പോസിറ്റ് തുക ആയിരിക്കും. പ്ലാസ്റ്റിക് മദ്യക്കുപ്പി തിരികെ നൽകിയാൽ അതേ ഔട്ട്‌ലെറ്റിൽ നിന്നും 20 രൂപ തിരികെ ലഭിക്കും. 800 രൂപയ്ക്ക് മുകളിലുള്ള മദ്യം ഇനി ഗ്ലാസ് ബോട്ടിലുകളിലായിരിക്കും വിൽക്കുക.
തമിഴ്നാട് മോഡലിൽ കൊണ്ടുവന്നിരിക്കുന്ന ഈ പദ്ധതിയിലൂടെ പരിസ്ഥിതി നാശം കുറയ്ക്കുക എന്നതാണ് ലക്ഷ്യം. പ്ലാസ്റ്റിക് മദ്യം കുപ്പികളും മിനറൽ വാട്ടർ ബോട്ടിലുകളും നാട്ടിലും പുഴകളിലും വലിച്ചെറിഞ്ഞുണ്ടാകുന്ന പ്രശ്നങ്ങൾ തടയാനാണ് ശ്രമം. കൂടാതെ, പദ്ധതി നടപ്പാക്കുന്നത് വഴി സർക്കാരിന് കൂടി വരുമാനവും ലഭിക്കുമെന്നാണ് പ്രതീക്ഷ. മദ്യക്കുപ്പി വാങ്ങുന്നയാൾ തന്നെ തിരികെ നൽകണമെന്നില്ല. ബെവ്കോ ഹോളോഗ്രാമുള്ള കുപ്പി ആരായാലും ശേഖരിച്ച് ഔട്ട്‌ലെറ്റിൽ എത്തിച്ചാൽ പണം ലഭിക്കും. കൂടാതെ, 900 രൂപക്ക് മുകളിലുള്ള മദ്യം വിൽക്കുന്ന സൂപ്പർ പ്രീമിയം ഔട്ട്‌ലെറ്റുകളും ആരംഭിക്കാൻ തീരുമാനമായിട്ടുണ്ട്.
Tag: Bevco says cash-for-return liquor bottle scheme will not start from September 1