മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ചട്ടങ്ങൾ ലംഘിച്ച് ഗുരുവായൂർ ദേവസ്വം നൽകിയ തുക തിരികെ നൽകണം, നിയമവിരുദ്ധ നടപടി എന്ന് ഹൈക്കോടതി.

കൊച്ചി /ഗുരുവായൂർ ദേവസ്വം ബോർഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ചട്ടങ്ങൾ ലംഘിച്ച് നൽകിയ പത്ത് കോടി രൂപ ഉടൻ തിരിച്ചു നൽകാൻ ഹൈക്കോടതിയുടെ ഉത്തരവ്. ദേവസ്വം പണം നൽകിയത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി ഫുൾ ബഞ്ച് വിധിക്കുകയായിരുന്നു. ദേവസ്വം ബോര്‍ഡിന്റെ നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി വിധിയിൽ പറയുന്നു.
ദേവസ്വം ബോര്‍ഡ് ട്രസ്റ്റിയാണെന്നും ദേവന്റെ സ്വത്ത് ക്ഷേത്രാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ദേവസ്വം നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. ദേവസ്വം ഫണ്ട് മറ്റ് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന ഡിവിഷന്‍ ബഞ്ചിന്റെ മുന്‍കാല വിധി അസാധുവാക്കി കൊണ്ടായിരുന്നു ഫുള്‍ ബെഞ്ചിന്റെ വിധി ഉണ്ടായത്. ദേവസ്വത്തിനുള്ള സ്വത്തുവകകൾ പരിപാലിക്കാൻ മാത്രമേ ട്രസ്റ്റി എന്ന നിലയിൽ ദേവസ്വം ബോർഡിന് അധികാരവും അവകാശവും ഉള്ളൂ. അത് മറ്റാർക്കും കൈമാറാൻ അധികാരമോ അവകാശമോ ഇല്ല. ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ സ്വത്തുക്കളുടെയും അവകാശി ഗുരുവായൂരപ്പനാണെന്ന് ഹൈക്കോടതിയുടെ ഫുൾബഞ്ച് ഉത്തരവിൽ പരാമർശിക്കുന്നു. ദേവസ്വം നിയമത്തിൽ ഇത് വ്യക്തമാണെന്നും അതിന്റെ പരിധിയിൽ നിന്ന് മാത്രമേ ഭരണസമിതിക്ക് പ്രവർത്തിക്കാൻ കഴിയൂ എന്നും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകിയ തുക എങ്ങനെ തിരികെ ഈടാക്കണമെന്നത് ഹൈക്കോടതി ഡിവിഷൻ ബഞ്ച് തീരുമാനിക്കണമെന്നും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. പ്രളയകാലത്തും മഹാമാരി കാലത്തുമായാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ദേവസ്വം ബോർഡ് 10 കോടി രൂപ സംഭാവന നൽകിയത്. ക്ഷേത്ര സംരക്ഷണ സമിതി, ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘനകളുടെ ഹര്‍ജികളിലാണ് കോടതി ഇടപെടല്‍ ഉണ്ടായത്. ഹര്‍ജികള്‍ തീര്‍പ്പാക്കാനായി ഡിവിഷന്‍ ബഞ്ചിലേക്ക് വിട്ടിരിക്കുകയാണ്.