സെക്രട്ടറിയേറ്റിലെ തീപിടുത്തം,; കെ സുരേന്ദ്രനെ കടത്തിവിട്ട സുരക്ഷാ ഉദ്യോഗസ്ഥരെ സര്ക്കാര് പിരിച്ചുവിട്ടു

തിരുവനന്തപുരം / സെക്രട്ടേറിയേറ്റിൽ തീപിടിത്തം നടന്നതിന് പിറകെ സ്ഥലം സന്ദർശിക്കാനെത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ സെക്രട്ടേറിയേറ്റിലേക്ക് കടത്തിവിട്ട രണ്ട് ജീവനക്കാരെ സർക്കാർ പിരിച്ചുവിട്ടു. സുരക്ഷാ ഗാർഡുമാരായ സുരേന്ദ്രൻ.സി, സലീം. എസ് എന്നിവരെയാണ് പിരിച്ചുവിട്ടത്.
ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ ഇറക്കുകയായിരുന്നു. സെക്രട്ടേറിയേറ്റിലെ പ്രോട്ടോകോൾ ഓഫീസിൽ തീപിടിച്ചത് മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് കെ.സുരേന്ദ്രൻ കന്റോൺമെന്റ് ഗേറ്റിൽ എത്തുന്നത്. ആ സമയത്ത് സുരക്ഷാ ഗാർഡുമാരായ സുരേന്ദ്രൻ.സി, സലീം.എസ് എന്നിവരാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. തീപിടിച്ച വിവരം കന്റോൺമെന്റ് ഗേറ്റിൽ അറിഞ്ഞിരുന്നുമില്ല. ബിജപി സംസ്ഥാന പ്രസിഡന്റ് ആയിരുന്നതിനാൽ തന്നെ സുരക്ഷാ ജീവനക്കാർ സുരേന്ദ്രനെ തടഞ്ഞതുമില്ല.
സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ ഇരുവരും സുരേന്ദ്രനെ അഭിവാദ്യം ചെയ്തിരുന്നതായി കണ്ടെത്തുകയായിരുന്നു. ഒരാൾ സലാം നൽകുകയും മറ്റൊരാൾ കൈകൂപ്പി തൊഴുവുകയും ആണ് ചെയ്തിരുന്നത്. ഇതാണ് അന്വേഷണ സമിതിയുടെ കോപത്തിന് ഇടയാക്കിയിരിക്കുന്നത്. സുരേന്ദ്രനെ പരിശോധിക്കാതെ കടത്തിവിട്ടു എന്നാണ് ഇവർക്കെതിരെ ആരോപിക്കുന്ന കുറ്റം.