കോവാക്സിന്‍ നിര്‍മാണത്തിന് കന്നുകാലി രക്തം ഉപയോഗിക്കുന്നുണ്ടോ? വിശദീകരണവുമായി ഭാരത് ബയോടെക്കും കേന്ദ്ര സര്‍ക്കാറും
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനുള്ള കോവാക്സിന്‍റെ നിര്‍മാണത്തിന് കന്നുകാലി കിടാങ്ങളുടെ രക്തം ഉപയോഗിക്കുന്നുണ്ടെന്ന ആരോപണത്തിന് പിന്നാലെ വിശദീകരണവുമായി വാക്സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കും കേന്ദ്ര സര്‍ക്കാരും. കോണ്‍ഗ്രസ് വക്താവ് ഗൗരവ് പാന്ധിയുടെ ട്വീറ്റോടുകൂടിയാണ് സംഭവം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായത്.
കോവാക്സിന്‍ നിര്‍മാണത്തിന് ജനിച്ച് 20 ദിവസം മാത്രം പ്രായമുള്ള പശുക്കിടാങ്ങളുടെ രക്തഘടകമായ ‘സെറം’ ഉപയോഗിക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നുവെന്നാണ് ഗൗരവ് പാന്ധി ട്വീറ്റില്‍ പറഞ്ഞു. വിവരാവകാശ മറുപടിയായാണ് കേന്ദ്രം ഇക്കാര്യം സമ്മതിച്ചത്. പശുക്കിടാങ്ങളെ കൊന്ന് കട്ടപിടിക്കുന്ന രക്തത്തില്‍ നിന്നാണ് സെറം വേര്‍തിരിക്കുന്നത്. ഇത് അങ്ങേയറ്റം ഹീനമാണ്. ഇക്കാര്യം പൊതുജനങ്ങളെ ധരിപ്പിക്കണമായിരുന്നുവെന്നും കോണ്‍ഗ്രസ് വക്താവ് ട്വീറ്റ് ചെയ്തു.
ഇക്കാര്യം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെയാണ് കേന്ദ്ര സര്‍ക്കാറും വാക്സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കും വിശദീകരണവുമായി രംഗത്തെത്തിയത്.
വെറോ കോശങ്ങളുടെ (vero cells) വളര്‍ച്ചക്ക് വേണ്ടി മാത്രമാണ് കാലിക്കിടാങ്ങളുടെ രക്തഘടകം ഉപയോഗിക്കുന്നത്. മറ്റ് പല മൃഗങ്ങളുടെയും രക്തഘടകം (സെറം) വാക്സിനുകള്‍ക്കാവശ്യമായ വെറോ കോശങ്ങളെ വളര്‍ത്താന്‍ സാധാരണയായി ഉപയോഗിക്കുന്നതാണ്. വാക്സിന് ആവശ്യമായ കോശങ്ങളെ നിര്‍മിക്കാനാണ് വെറോ കോശങ്ങളെ ഉപയോഗിക്കുന്നത്. പോളിയോ, പേവിഷബാധ, ഇന്‍ഫ്ലുവെന്‍സ തുടങ്ങിയ വാക്സിനുകള്‍ക്കെല്ലാം ഇതേ സാങ്കേതിക വിദ്യ തന്നെയാണ് ഉപയോഗിക്കുന്നത് -കേന്ദ്രം വ്യക്തമാക്കി.
കോശങ്ങളുടെ വളര്‍ച്ചക്ക് പിന്നാലെ വെറോ കോശങ്ങളെ ബഫറിങ് എന്ന പ്രക്രിയയിലൂടെ കഴുകും. വെള്ളവും രാസവസ്തുക്കളും ഉപയോഗിച്ചുള്ള ഈ പ്രക്രിയ പല തവണ ആവര്‍ത്തിച്ച് കന്നുകാലി സെറം പൂര്‍ണമായും ഇല്ലാതായെന്ന് ഉറപ്പാക്കും. ഈ വെറോ കോശങ്ങളിലാണ് കൊറോണ വൈറസിനെ വളര്‍ത്തുന്നത്. വൈറസ് വളരുന്ന ഘട്ടത്തില്‍ തന്നെ ഈ വെറോ കോശങ്ങളെ നശിപ്പിക്കും. അങ്ങനെ വളരുന്ന വൈറസിനെ നിര്‍ജീവമാക്കുകയും ശുദ്ധീകരിക്കുകയും ചെയ്യും. ഈ നിര്‍ജീവമായ വൈറസാണ് വാക്സിന്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. അതിനാല്‍, അന്തിമ വാക്സിന്‍ ഉല്‍പ്പന്നത്തില്‍ കന്നുകാലി കിടാങ്ങളുടെ രക്തഘടകം ഉള്‍പ്പെടുന്നില്ല -കേന്ദ്ര സര്‍ക്കാറിന്‍റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
കോശ വളര്‍ച്ചക്ക് വേണ്ടി മാത്രമാണ് കന്നുകാലി സെറം ഉപയോഗിക്കുന്നതെന്ന് ഭാരത് ബയോടെക്കും വ്യക്തമാക്കി. ഇതല്ലാതെ, സാര്‍സ് കോവ്-2ന്‍റെ വളര്‍ച്ചയിലോ അന്തിമ ഉല്‍പ്പാദനത്തിലോ കന്നുകാലി സെറം ഉപയോഗിക്കുന്നില്ല. എല്ലാ മാലിന്യങ്ങളും ഒഴിവാക്കിയ ശേഷം, നിര്‍വീര്യമാക്കപ്പെട്ടതും ശുദ്ധീകരിക്കപ്പെട്ടതുമായ വൈറസിനെ മാത്രമാണ് കോവാക്സിന്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. കന്നുകാലി സെറം ദശാബ്ദങ്ങളായി വാക്സിന്‍ നിര്‍മാണത്തിന് ഉപയോഗിച്ചുവരുന്നതാണ്. തങ്ങളുടെ ഉപയോഗം തീര്‍ത്തും സുതാര്യമാണെന്നും കഴിഞ്ഞ ഒമ്ബത് മാസമായി ഇത് രേഖകളായി സൂക്ഷിച്ചിട്ടുണ്ടെന്നും ഭാരത് ബയോടെക് വ്യക്തമാക്കി.
കോണ്‍ഗ്രസ് വക്താവ് ഗൗരവ് പാന്ധിയുടെ ആദ്യത്തെ ട്വീറ്റ് ഇപ്പോള്‍ ലഭ്യമല്ല. ബി.ജെ.പി സര്‍ക്കാര്‍ ജനങ്ങളുടെ വിശ്വാസത്തെ വഞ്ചിക്കരുതെന്ന് അദ്ദേഹം പിന്നീട് ട്വിറ്റര്‍ വിഡിയോയില്‍ പറഞ്ഞു. കോവാക്സിനോ മറ്റേതെങ്കിലും വാക്സിനോ കന്നുകാലി കിടാങ്ങളുടെ രക്തഘടകം ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും ഗൗരവ് പാന്ധി പറഞ്ഞു.