Kerala NewsLatest News

ശിവശങ്കരൻ്റെ ഔദ്യോഗിക യാത്ര: വിവരാവകാശത്തിന് മറുപടി നൽകാതെ സെക്രട്ടറിയേറ്റ്

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ഔദ്യോഗിക യാത്രാരേഖകളെപ്പറ്റി അന്വേഷണം പുരോഗമിക്കുമ്പോൾ, വിഷയത്തിൽ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിനൽകാതെ സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പ് മേധാവികൾ.
ശിവശങ്കർ നേതൃസ്ഥാനം വഹിച്ചിരുന്ന വിവരസാങ്കേതികവിദ്യാ വകുപ്പും പൊതുഭരണ വകുപ്പുമാണ് വ്യക്തമായ മറുപടി നൽകാതെ കുഴപ്പിക്കുന്നത്.വിവരങ്ങൾ ലഭ്യമല്ലെന്നും ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നുമുള്ള പരസ്പരവിരുദ്ധമായ മറുപടികളാണു ഇവർ നൽകുന്നത്.

ഔദ്യോഗിക യാത്രകൾക്ക് പോലും ശിവശങ്കർ സ്വകാര്യാ പാസ്പോർട്ടാണ് ഉപയോഗിച്ചിരുന്നത്. മാത്രമല്ല പല യാത്രകളിലും സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നതായി അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെ വകുപ്പുകൾ കുഴപ്പിക്കുന്നത്.വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്തിയ രേഖകൾ പ്രകാരം, 2018-നുശേഷം ശിവശങ്കറിന് രണ്ടുതവണ മാത്രമേ സംസ്ഥാനത്തിനു പുറത്തേക്കുപോകാൻ യാത്രാനുമതി നൽകിയിട്ടുള്ളൂ. അതും യാത്ര പുറപ്പെട്ട ശേഷമാണ് സർക്കാർ ഉത്തരവിറക്കിയത്.
ഇക്കാലയളവിൽ ശിവശങ്കർ പലതവണ ബെംഗളൂരു സന്ദർശിച്ചിട്ടുണ്ടെങ്കിലും ഇതിൽ രണ്ടെണ്ണത്തിനുമാത്രമാണ് അനുമതിയുണ്ടായിരുന്നത്.പി.ഡബ്ള്യു.സി.യുമായുള്ള ചർച്ചകൾക്കായി ഇക്കഴിഞ്ഞ ജനുവരി 16-ന് ബെംഗളൂരുവിൽ എത്തിയിരുന്നു. അടുത്തദിവസം ഹെൽത്ത് കെയർ സ്റ്റാർട്ടപ്പുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി മൈസൂരുവും സന്ദർശിച്ചു.സർക്കാർ അനുമതിയോടെയുള്ള മറ്റൊരു ബെംഗളൂരു യാത്ര ഭാരത് ഇലക്ട്രോണിക്സുമായി കെ-ഫോൺ പദ്ധതി സംബന്ധിച്ച ചർച്ചകൾക്കായി 2019 ഒക്ടോബർ ഏഴിന് നടത്തിയതാണ്.
ഇതിനു പുറമെയാണ് വിദേശയാത്രകളും നടത്തിയത്. അതേ സമയം ലൈഫ് മിഷൻ ഇടപാടിലടക്കം ലഭിച്ച കമ്മിഷൻ തുക ഡോളറായി വിദേശത്തേക്കു കടത്താൻ സ്വപ്ന ഈ യാത്രകൾ മറയാക്കിയോ എന്നും അന്വേഷിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button