‘പി.വി അൻവറിനെ വിട്ടുതരൂ’; ഘാന പ്രസിഡൻറിൻറെ ഫേസ്ബുക്ക് പേജിൽ കോൺഗ്രസ് പ്രവർത്തകരുടെ കമൻറുകൾ; മറുപടിയുമായി പി.വി അൻവർ

മലപ്പുറം: നിലമ്പൂർ എംഎൽഎപി വി അൻവറിൻ്റെ അസാനിദ്ധ്യം ചർച്ചയാക്കി യുഡിഎഫിൻ്റെ പ്രചരണം. അൻവറിനെ കണ്ട് കിട്ടുന്നവർ അറിയിക്കണം എന്ന് പ്രതിപക്ഷ നേതാവിൻ്റെ പരിഹാസം. അൻവർ ഘാനയിൽ ജയിലിൽ ആണെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരണം. ഘാന പ്രസിഡൻ്റിൻ്റെ ഫേസ്ബുക് പേജിൽ മലയാളത്തിൽ കമൻ്റുകളുടെ പ്രവാഹം ആണ്. അതെ സമയം അൻവർ വ്യാപാര ആവശ്യാർത്ഥം വിദേശത്ത് ആണെന്ന് ആണ് സിപിഎമ്മിൻ്റെ വിശദീകരണം.
ഡിസംബർ അവസാനം ആണ് വ്യാപാര ആവശ്യങ്ങൾക്ക് വേണ്ടി പിവി അൻവർ വിദേശത്ത് പോയത്. ബജറ്റ് സമ്മേളനത്തിൽ പോലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. ഈ സാഹചര്യത്തിൽ അൻവറിനെ കാണാൻ ഇല്ലെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ് പോലീസിനെ സമീപിച്ചു. ഇതിന് പിന്നാലെ താൻ വ്യാപാര ആവശ്യങ്ങൾക്ക് വേണ്ടി ആഫ്രിക്കയില് ആണെന്നും കോവിഡ് പോസിറ്റീവ് ആണെന്നും അൻവർ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടു. അൻവറിൻ്റെ പോസ്റ്റിലെ വിശദാംശങ്ങൾ ഇങ്ങനെ..
“പി വി അൻവറിനെ കാണ്മാനില്ല” എന്ന പരാതിയുമായി യൂത്ത് കോൺഗ്രസുകാർ പോലീസ് സ്റ്റേഷനിൽ പോയത്രേ..
കഴിഞ്ഞ ദിവസങ്ങളിൽ ചില ചാനലുകളുടെ സഹായത്തോടേ ചിലർ ആഘോഷിച്ച വാർത്തയാണിത്..
ആദ്യം തന്നെ പറഞ്ഞുകൊള്ളട്ടേ..
നിങ്ങൾക്ക് ഏവർക്കും അറിയുന്നത് പോലെ ജനപ്രതിനിധി എന്നതിനൊപ്പം ഒരു ബിസിനസ്സുകാരൻ കൂടിയാണീ പി.വി.അൻവർ. രാഷ്ട്രീയ പ്രവർത്തനമല്ല എന്റെ വരുമാനമാർഗ്ഗം. നിയമസഭാ അംഗം എന്ന നിലയിൽ ലഭിക്കുന്ന അലവൻസിനേക്കാൾ എത്രയോ അധികം തുക ഓരോ മാസങ്ങളിലും ചിലവഴിക്കേണ്ടി വരുന്നുണ്ട് എന്ന് എന്നെ വ്യക്തിപരമായി അടുത്തറിയുന്നവർക്കൊക്കെ കൃത്യമായി അറിയാം.
ഈ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ തിരക്കുകൾക്ക് ശേഷം ബിസിനസ് ആവശ്യത്തിനായി വിദേശത്ത് പോകേണ്ടി വന്നു.നിലവിൽ ആഫ്രിക്കയിലാണുള്ളത്. ബജറ്റ് സമ്മേളനത്തിനായി ഈ മാസം 12-നു തിരിച്ച് വരാൻ തയ്യാറെടുക്കവെ കോവിഡ് പോസിറ്റീവായി.തുടർന്ന് സഭയിലെത്താൻ കഴിഞ്ഞില്ല.എങ്കിലും അർഹമായ പരിഗണന ബജറ്റിൽ നിലമ്പൂർ മണ്ഡലത്തിനായി ലഭിച്ചിട്ടുമുണ്ട്.ഈ വിവരം കൃത്യമായി സി.പി.ഐ.എമ്മിന്റെ പാർലമെന്ററി പാർട്ടി ഓഫീസ് സെക്രട്ടറിയെ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു.” ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത് കൊണ്ട് ഒന്നും തീർന്നില്ല.
നിലമ്പൂരിൽ ഐശ്വര്യ കേരളം യാത്രയുടെ സ്വീകരണ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അൻവറിൻ്റെ അസാനിധ്യത്തെ പരിഹസിച്ചു…”പി വി അൻവർ ഇപ്പൊൾ എവിടെ ആണെന്ന് അറിയില്ല.പി വി അൻവർ എംഎൽഎയെ കാണാൻ ഇല്ല. കണ്ട് കിട്ടുന്നവർ അറിയിക്കണം “ഇങ്ങനെ ആയിരുന്നു ചെന്നിത്തലയുടെ വാക്കുകൾ. അതെ സമയം പിവി അൻവർ ഘാനയിൽ ജയിലിൽ ആണെന്നു സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരണം തുടങ്ങിയിട്ടുണ്ട്.ഘാനയുടെ പ്രസിഡൻ്റിൻ്റെ ഫേസ്ബുക് പേജിൽ വരെ അൻവറിനെ പരാമർശിച്ച് ഉള്ള പരിഹാസ കമൻ്റുകൾ നിറഞ്ഞിരിക്കുന്നു. ഇതിനും അൻവർ ഫേസ്ബുക്കിൽ മറുപടി നൽകിയിട്ടുണ്ട്.
” ഘാനയിൽ ജയിലിൽ ആണത്രേ!!
ആഗ്രഹങ്ങൾ കൊള്ളാം..
പക്ഷേ,ആളുമാറി പോയി..
ലേറ്റായി വന്താലുംലേറ്റസ്റ്റായ് വരവേ..
വെയ്റ്റ് “
എന്നാല് വ്യവസായി കൂടി ആയ അൻവർ ആ ആവശ്യങ്ങൾക്ക് വിദേശത്തു പോകുന്നതിൽ അസ്വാഭാവികത ഇല്ലെന്ന് ആണ് സിപിഎം വിശദീകരണം. ലീഗ് നേതാക്കന്മാർ ആയ മഞ്ഞളാംകുഴി അലിയും പിവി അബ്ദുൽ വഹാബും എല്ലാം ഇത്തരത്തിൽ വിദേശത്ത് പോകുന്നവര് ആണെന്നും അപ്പോഴൊന്നും ഇല്ലാത്ത വിവാദം ഇപ്പൊൾ ഉണ്ടാക്കേണ്ടത് ഇല്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻ ദാസ് വിശദീകരിച്ചു.