Kerala NewsLatest NewsUncategorized

ഭീമ ജ്വലറി ഉടമയുടെ വീട്ടിൽ മോഷണം; പണവും ആഭരണങ്ങളും കളവു പോയി

തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിൽ മോഷണം. കവടിയാറിലെ വീട്ടിൽ ഇന്ന് പുലർച്ചയോടെയാണ് മോഷണം നടന്നത്. 3 ലക്ഷം രൂപയുടെ സ്വർണവും രണ്ടര ലക്ഷം രൂപയുടെ വജ്രവും മോഷണം പോയതായാണ് ആദ്യ റിപ്പോർട്ടുകൾ. ഒരാൾ മാത്രമാണ് മോഷണം നടത്തിയതെന്നാണ് പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്.

വലിയ സുരക്ഷാസജ്ജീകരണങ്ങളാണ് ഈ വീട്ടിലുള്ളത്. വീടിന് വലിയ ഗേറ്റും നിരവധി സുരക്ഷാജീവനക്കാരും സി.സി.ടി.വിയുമുണ്ട്. നായക്കളെയും വളർത്തുന്നുണ്ട്.

ഗേറ്റ് ചാടിക്കടന്നോ എന്തെങ്കിലും തകർത്തോ അല്ല മോഷ്ടാവ് അകത്ത് പ്രവേശിച്ചിരിക്കുന്നത്. അടുത്തടുത്ത് തന്നെ വീടുകളുള്ള പ്രദേശമായതിനാൽ മോഷണം നടന്ന വീടിനോട് ചേർന്നുള്ള ഏതെങ്കിലും വീട് വഴിയായിരിക്കും മോഷ്ടാവ് ഇവിടേക്കെത്തിയതെന്നാണ് നിഗമനം.
ഗവർണറുടെ വസതിയായ രാജ്ഭവനോട് ചേർന്നുള്ള മേഖല കൂടിയാണിത്. പരിസരത്തുള്ള വീടുകളിലെല്ലാം സമാനമായ മികച്ച സുരക്ഷാ സംവിധാനങ്ങളുമുണ്ട്. ഇത്രയും സുരക്ഷാ സജ്ജീകരണങ്ങളുള്ള ഒരു പ്രദേശത്ത് ഒരാൾ ഒറ്റയ്‌ക്കെത്തി മോഷണം നടത്തിയത് പൊലീസിനെ വരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളിൽ കാണുന്ന മോഷ്ടാവിനെ കേന്ദ്രീകരിച്ച്‌ തന്നെയാണ് മ്യൂസിയം പൊലീസ് നിലവിൽ അന്വേഷണം നടത്തിവരുന്നത്. വീട്ടിലുണ്ടായിരുന്ന ജീവനക്കാരുടെയും മറ്റുള്ളവരുടെയും മൊഴികൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button