BusinessCrimeKerala NewsLatest NewsNews

കണ്ണൂരില്‍ ഫാഷന്‍ ഗോള്‍ഡ് മാതൃകയില്‍ വന്‍ തട്ടിപ്പ്

കണ്ണൂര്‍: ലീഗ് നേതാക്കളുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് നടന്ന ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പിന് സമാനമായി കണ്ണൂരിലും തട്ടിപ്പ്. നിക്ഷേപകരുടെ രണ്ടുകോടിയോളം രൂപയുമായി മുങ്ങിയ മുസ്ലിം ലീഗ് നേതാവ് പിടിയില്‍. ലീഗ് പുഴാതി മേഖല അധ്യക്ഷന്‍ കെ.പി. നൗഷാദാണ് അറസ്റ്റിലായത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് നൗഷാദിനെ പോലീസ് അറസ്റ്റ് ചെയ്തത്.

സ്വര്‍ണവും പണവും നിക്ഷേപിച്ച അമ്പതോളം പേരാണ് തട്ടിപ്പിനിരയായത്. കണ്ണൂര്‍ ഫോര്‍ട്ട് റോഡിലെ സി.കെ. ഗോള്‍ഡില്‍ മാര്‍ക്കറ്റിംഗ് വിഭാഗം ജീവനക്കാരനായിരുന്നു നൗഷാദ്. ജനറല്‍ മാനേജറെന്ന നിലയിലാണ് ഇയാള്‍ നിക്ഷേപകരെ വലയിലാക്കിയത്. കൂടുതല്‍ പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചത്. കണ്ണൂര്‍, അത്താഴക്കുന്ന്, കുന്നുംകൈ, പാപ്പിനിശേരി, വാരം, കാട്ടാമ്പള്ളി, കുന്നാവ്, കുഞ്ഞിപ്പള്ളി, ശാദുലിപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലുള്ളവരാണു തട്ടിപ്പിനിരയായത്.

ഒരുലക്ഷം മുതല്‍ ഇരുപത് ലക്ഷം രൂപവരെ നിക്ഷേപിച്ചവരുണ്ട്. ഒരുലക്ഷത്തിന് പ്രതിമാസം മൂവായിരം മുതല്‍ ആറായിരം രൂപ വരെ വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചത്. കൂടുതല്‍ തുക നിക്ഷേപിക്കുന്നവര്‍ക്കാണ് കൂടുതല്‍ പലിശ നല്‍കിയിരുന്നത്. മുദ്രപത്രത്തില്‍ കരാറാക്കിയായിരുന്നു നിക്ഷേപം സ്വീകരിച്ചത്. സ്വന്തം ചെക്കും ഭാര്യയുടെ ചെക്കുമാണ് ഇയാള്‍ ഈടായി നല്‍കിയിരുന്നത്. പഴയ സ്വര്‍ണം നല്‍കുന്നവര്‍ക്ക് 11 മാസത്തിനുശേഷം പണിക്കൂലിയില്ലാതെ സമാനമായ അളവ് സ്വര്‍ണം നല്‍കുന്ന പദ്ധതിയും ഉണ്ടായിരുന്നു.

ഇങ്ങനെ സ്വര്‍ണവും പലരില്‍നിന്നും സ്വീകരിച്ചിട്ടുണ്ട്. സ്വര്‍ണം ജ്വല്ലറിയില്‍ എത്തിയിരുന്നില്ലെന്ന് ഉടമകള്‍ പറയുന്നു. 35 പവന്‍ വരെ സ്വര്‍ണം നഷ്ടപ്പെട്ടവരുണ്ട്. ജ്വല്ലറിയില്‍ നിന്ന് മുന്‍കൂര്‍ പണം നല്‍കാതെ സ്വര്‍ണം വാങ്ങിയവരില്‍നിന്ന് പണം വാങ്ങിയ ഇയാള്‍ ജുവലറിയില്‍ അടച്ചില്ലെന്നും പരാതിയുണ്ട്. സി.കെ. ഗോള്‍ഡ് ഉടമകളാണ് ഇത്തരത്തില്‍ 30 ലക്ഷം രൂപ തട്ടിയതായി പോലീസില്‍ പരാതി നല്‍കിയത്. പഴയ സ്വര്‍ണം നല്‍കിയവരില്‍ കൂടുതലും വീട്ടമ്മമാരാണെന്നാണ് സൂചന. മുസ്ലിം ലീഗിലെ ഭാരവാഹിത്വം ഉപയോഗപ്പെടുത്തിയായിരുന്നു നൗഷാദ് ആളുകളെ നിക്ഷേപകരാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button