ബിഗ് ബി പരാജയമായിരുന്നു എന്ന് ചിലരൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്; ഹിറ്റ് അല്ലായിരുന്നെങ്കിൽ അതിന്റെ രണ്ടാം ഭാഗത്തിനായി ആളുകൾ കാത്തിരിക്കുന്നത് എന്തിനാണ്? ഷൈൻ ടോം ചാക്കോ

ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മമ്മൂട്ടി ആരാധകരും പ്രേക്ഷകരും. എന്നാൽ ബിലാലിന് മുമ്പ് മറ്റൊരു സിനിമയുമായി എത്തുകയാണ് മമ്മൂട്ടി-അമൽ നീരദ് കൂട്ടുകെട്ട്. ഭീഷ്മ പർവ്വം എന്ന ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്താണ് ഇക്കാര്യം പുറത്തുവിട്ടത്. അതേസമയം, തനിക്ക് ഒരുപാട് ഇഷ്ടമുള്ള സിനിമയാണ് ബിഗ് ബി എന്ന് തുറഞ്ഞു പറഞ്ഞിരിക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ.
ഭീഷ്മ പർവ്വത്തിൽ അഭിനയിക്കുന്ന അനുഭവം പങ്കുവക്കുന്നതിനിടെയാണ് ബിഗ് ബി ടീമിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഒരു അഭിമുഖത്തിൽ താരം പറഞ്ഞത്. ബിഗ് ബി വരുന്നത് വരെ ഇത്രയേറെ പുതുമുഖങ്ങൾ ഒന്നിച്ചെത്തിയ ഒരു സിനിമ ഉണ്ടായിരുന്നില്ല.
അതുവരെയുള്ള ശീലങ്ങളെയൊക്കെ മാറ്റിയെഴുതിയ, ഒരു ദൃശ്യവിരുന്നു തന്നെ ആയിരുന്നു ആ സിനിമ. എങ്കിലും ബിഗ് ബി പരാജയമായിരുന്നു എന്ന് ചിലരൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. ഹിറ്റ് അല്ലായിരുന്നെങ്കിൽ അതിന്റെ രണ്ടാം ഭാഗത്തിനായി ആളുകൾ കാത്തിരിക്കുന്നത് എന്തിനാണ്? എന്നാണ് ഷൈൻ ചോദിക്കുന്നത്.
ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അടി എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഭീഷ്മ പർവ്വത്തിന്റെ കഥ അമൽ നീരദ് പറഞ്ഞതെന്നും ഷൈൻ പറയുന്നു. ഉടൻ തന്നെ ചിത്രത്തിൽ അഭിനയിക്കാമെന്ന് ഉറപ്പിച്ചു. അമലിനൊപ്പം സിനിമ ചെയ്യണം എന്ന് ഏറെ നാളായുള്ള ആഗ്രഹമായിരുന്നു. അവസരം ചോദിക്കാനുള്ള മടി കൊണ്ടാണ് ഇത്രയും വൈകിയതെന്നും താരം പറയുന്നു.