indiaNationalNewsUncategorized

ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ്; കരട് വോട്ടർ പട്ടികയിൽ തന്റെ പേരില്ലെന്ന് തേജസ്വി യാദവ്

ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി തയ്യാറാക്കിയ കരട് വോട്ടർ പട്ടികയിൽ തന്റെ പേരില്ലെന്ന് രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവും ബിഹാർ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്. തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയുടെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ തന്റെ പേരില്ലെന്നാണ് തേജസ്വിയുടെ ആരോപണം. എന്നാൽ, തിരഞ്ഞെടുപ്പ് കമ്മീഷൻ തേജസ്വി യാദവിന്റെ വാദം തള്ളി. 416-ാം ക്രമനമ്പറിൽ തേജസ്വിയുടെ പേര്, ഫോട്ടോ, മറ്റ് വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന കരട് വോട്ടർ പട്ടികയുടെ പകർപ്പ് കമ്മിഷൻ പുറത്തുവിടുകയും ചെയ്തു.

പത്രസമ്മേളനത്തിനിടെയായിരുന്നു തേജസ്വിയുടെ ആരോപണം. ഫോൺ വലിയ സ്ക്രീനുമായി ബന്ധിപ്പിച്ച് ഇപിഐസി നമ്പർ ഉപയോഗിച്ച് പട്ടികയിൽ തേജസ്വി തന്റെ പേര് തിരയാൻ ശ്രമിച്ചെങ്കിലും രേഖകൾ കണ്ടെത്താൻ സാധിക്കുന്നില്ല എന്ന സന്ദേശമാണ് ലഭിച്ചത്. തന്റെ പേര് വോട്ടർ പട്ടികയിൽ ഇല്ലെന്നും ഇത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് തന്നെ അയോഗ്യനാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരുപക്ഷേ, തന്നെ ഒരു പൗരനായി കണക്കാക്കാതെ വരികയും ഈ വീട്ടിൽ താമസിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുകയും ചെയ്തേക്കുമെന്നും തേജസ്വി വിമർശിച്ചു. കണക്കെടുപ്പ് ഫോമുമായി തൻ്റെ വസതിയിലെത്തിയ ബൂത്ത് ലെവൽ ഓഫീസർ രസീതൊന്നും നൽകിയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. തങ്ങളെപ്പോലുള്ളവർക്ക് ഈ ഗതി വരുമ്പോൾ, സാധാരണക്കാരുടെ കാര്യം എന്ത് പറയാനാണെന്നും തേജസ്വി ചോദിച്ചു.

അതേസമയം, ശരിയായ രീതിയിൽ തിരയാനുള്ള അടിസ്ഥാന അറിവ്പോലും യാദവിനില്ലെന്ന് ബിഹാർ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി പരിഹസിച്ചു. “നിങ്ങളുടെ പിതാവും ആർജെഡി അധ്യക്ഷനുമായ ലാലു പ്രസാദിൻ്റെ പേരിനൊപ്പം നിങ്ങളുടെ പേരുമുണ്ട്. വ്യാജവും തെറ്റിദ്ധാരണാജനകവുമായ അവകാശവാദങ്ങൾ വിൽക്കുന്ന നിങ്ങളുടെ കട പൂട്ടുന്നതാണ് നല്ലത്.” ചൗധരി എക്സിൽ കുറിച്ചു.

Tag: Bihar Assembly Elections: Tejashwi Yadav says his name is not in the draft voter list

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button