മകനെതിരെ അന്വേഷണം, മന്ത്രി ഭാര്യ ക്വാറന്റീൻ ലംഘിച്ച് ബാങ്ക് ലോക്കർ തുറന്നു.

കേന്ദ്ര അന്വേഷണ ഏജൻസി മകനെതിരെ അന്വേഷണം നടത്തുമെന്ന് ഉറപ്പായത്തിനു തൊട്ടു പിറകെ മന്ത്രി ഇ.പി.ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിര ക്വാറന്റീൻ ലംഘിച്ച് ബാങ്കിലെത്തി ലോക്കർ ഇടപാട് നടത്തി. മകൻ ജെയ്സണിനെതിരെ കേന്ദ്ര അന്വേഷണ ഏജൻസി അന്വേഷണം നടത്തുമെന്ന് ഉറപ്പായതോടെയാണ് ഇ.പി.ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിര ക്വാറന്റീൻ ലംഘിച്ച് കേരള ബാങ്ക് കണ്ണൂർ ശാഖയിലെത്തി അടിയന്തര ലോക്കർ ഇടപാട് നടത്തിയിരിക്കുന്നത്. മന്ത്രി ഭാര്യ നടത്തിയ ലോക്കർ ഇടപാട് എന്തെന്നതിനെ പറ്റി കേന്ദ്ര അന്വേഷണ ഏജൻസി അന്വേഷിക്കും. ഇവരുടെ മകൻ ജെയ്സൺ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനൊപ്പമുള്ള ചിത്രങ്ങൾ
സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ പറ്റിയും,ഈ ചിത്രങ്ങൾ യഥാർത്ഥ ചിത്രങ്ങളാണോ എന്നതിനെ പറ്റിയും കഴിഞ്ഞ ദിവസം ഒരു കേന്ദ്ര അന്വേഷണ ഏജൻസി പരിശോധന നടത്തിയിരുന്നു.
കേരള ബാങ്ക് കണ്ണൂർ ശാഖയിൽ സീനിയർ മാനേജരായി വിരമിച്ചിരുന്ന ഇന്ദിര, കോവിഡ് പരിശോധനയ്ക്കായി സാംപിൾ നൽകിയതിനു ശേഷം ക്വാറന്റീനിൽ കഴിയുകയായിരുന്നു. കോവിഡ് പ്രോട്ടോകോൾ പ്രകാരം, സ്രവ പരിശോധനയ്ക്കു ശേഷം ഫലം വരുന്നതുവരെ ക്വാറന്റീനിൽ കഴിയണമെന്നാണ് വ്യവസ്ഥയെങ്കിലും, സെപ്റ്റംബർ 10ന് ഉച്ചയോടെ ഇവർ ബാങ്കിലെത്തി ഇടപാട് നടത്തുകയാണ് ഉണ്ടായത്. ബാങ്കിൽ നിന്നു തിരിച്ചെത്തിയ ശേഷം ഇന്ദിരക്ക് കോവിഡ് സ്ഥിരീകരിക്കുകയും, പിന്നീട് ഇവരെ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. ക്വാറന്റീനിൽ ലംഘിച്ചു മന്ത്രിയുടെ ഭാര്യ ബാങ്കിൽ അടിയന്തിര ലോക്കർ ഇടപാട് നടത്താൻ വന്നത് മൂലം ബാങ്കിലെ 3 ജീവനക്കാരാണ് ക്വാറന്റീനിൽ പോകേണ്ട സ്ഥിതി ഉണ്ടായത്.
വ്യാഴാഴ്ച ബാഗുമായി ബാങ്കിലെത്തി ലോക്കർ തുറന്ന് ഇടപാട് നടത്തിയ മന്ത്രി ഭാര്യ കൈയിലുണ്ടായിരുന്ന ഒരു പവൻ മാലയുടെ തൂക്കം ബാങ്കിൽ തന്നെ പരിശോധന നടത്തിയിരുന്നു. ഇത് അസാധാരണ നടപടിയായ സാഹചര്യത്തിലാണ് ബാങ്ക് ജീവനക്കാർ വിവരം പുറത്ത് സുഹൃത്തുക്കളോടും മറ്റും പറയുന്നത്. മന്ത്രി ഭാര്യയുടെ കൊടുത്ത മാലയുടെ തൂക്കം എത്രയെന്നു അളവ് നോക്കിയാ ഗോൾഡ് അപ്രൈസറും ഇതോടെ ക്വാറന്റീനിൽ പോകേണ്ടി വന്നു. ലോക്കർ ഇടപാടിന് പുറമെ സ്ഥിര നിക്ഷേപവുമായി ബന്ധപ്പെട്ട ചില ഇടപാടുകളും മന്ത്രിഭാര്യ അന്ന് നടത്തുകയുണ്ടായിട്ടുണ്ട്. സ്ഥിര നിക്ഷേപം കൈകാര്യം ചെയ്യുന്ന ജീവനക്കാരനും ലോക്കർ തുറക്കാൻ ഒപ്പം ചെന്ന മാനേജരും ക്വാറന്റീനിൽ പോകേണ്ടിവന്നത് ഇതോടെയാണ്.
ക്വാറന്റീൻ ലംഘിച്ച് ബാങ്കിൽ എത്തിയ മന്ത്രി ഭാര്യ ഇന്ദിര ബാങ്കിൽ വരുന്നതിന്റെയും പോകുന്നതിന്റെയും ദൃശ്യങ്ങൾ ബാങ്കിലെ സിസിടിവിയിലുണ്ട്. ലോക്കർ റജിസ്റ്ററിൽ അതെ ദിവസം ഒപ്പുവച്ചിട്ടുമുണ്ട്. ലോക്കറിൽ നിന്ന് എന്താണ് എടുക്കുന്നതെന്നു എന്നാൽ ബാങ്കിൽ വെളിപ്പെടുത്തേണ്ടതില്ല.
പൊലീസ് കേസെടുക്കാവുന്ന കോവിഡ് പ്രോട്ടോകോൾ ലംഘനം നടത്തി അടിയന്തരമായി ലോക്കർ തുറക്കേണ്ടി വന്ന സാഹചര്യം സംബന്ധിച്ചാണ് സംശയം ഉയരുന്നത്.
ബാങ്കിലെ 4 ലോക്കറുകളുടെ താക്കോൽ ഏറെക്കാലമായി കാണാതായതു സംബന്ധിച്ചും ദുരൂഹതയുണ്ട്. ആർക്കും കൈമാറാത്ത ലോക്കറുകളുടെ താക്കോൽ നഷ്ടപ്പെട്ടതായി മുൻപ് ജില്ലാ ബാങ്ക് മാനേജർ, ജനറൽ മാനേജർക്കു റിപ്പോർട്ട് നൽകിയിരുന്നു. താക്കോൽ കാണാതായാൽ നിയമപരമായി ലോക്കർ ബ്രേക്ക്ഓപ്പൺ ചെയ്തു പുതിയ താക്കോൽ നിർമിക്കണമെന്നാണു നിയമം. എന്നാൽ ഇതുവരെ ബാങ്ക് അധികൃതർ നടപടിയെടുത്തിട്ടില്ല.