indiaLatest NewsNationalNews

ബിഹാർ നാളെ പോളിം​ഗ് ബൂത്തിലേക്ക്; പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചു

ബിഹാറില്‍ 121 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ഒന്നാംഘട്ടത്തില്‍ 1314 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചിരുന്നു. പോരാട്ടത്തിന്റെ വീറും വാശിയും പ്രകടമാക്കിക്കൊണ്ടാണ് ഒന്നാംഘട്ട പരസ്യപ്രചാരണം അവസാനിച്ചത്.ഇന്ന് നിശബ്ദപ്രചാരണമാണ്. 122 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് പതിനൊന്നിന് നടക്കും. പതിനാലിനാണ് ഫലപ്രഖ്യാപനം. ബിഹാറില്‍ ആര് വാഴും ആര് വീഴുമെന്ന് അന്നറിയാം. അതിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് മാധ്യമങ്ങളെ കാണുന്നുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസം രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ഒബിസി ജാതി രാഷ്ട്രീയം വലിയ ചര്‍ച്ചയ്ക്കാണ് വഴിവെച്ചത്. ഇന്ത്യന്‍ പ്രതിരോധ സേനയിലും ജാതി മേധാവിത്വമുണ്ടെന്നായിരുന്നു രാഹുലിന്റെ ആരോപണം. പത്ത് ശതമാനം വരുന്ന ഉന്നത ജാതിക്കാരാണ് പ്രതിരോധ സേനയേയും നിയന്ത്രിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞിരുന്നു.

പിന്നോക്കക്കാരും ദളിതരും ന്യൂനപക്ഷങ്ങളും അടങ്ങുന്ന 90 ശതമാനത്തിനും പ്രതിരോധ സേനയിലും പ്രധാന സ്ഥാനങ്ങള്‍ ഇല്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഈ പ്രതികരണത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് രാഹുല്‍ മാധ്യമങ്ങളെ കാണുന്നത് എന്നത് ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരെ കളത്തില്‍ ഇറക്കിയായിരുന്നു എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. മഹാസഖ്യത്തിനായി രാഹുല്‍ ഗാന്ധിയും പ്രചാരണത്തിനിറങ്ങി. മോദി-രാഹുല്‍ വാക്‌പോര് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടനീളം തെളിഞ്ഞുനിന്നു. രാഹുല്‍ ഗാന്ധിയേയും തേജസ്വി യാദവിനെയും ലക്ഷ്യംവെച്ചായിരുന്നു മോദിയുടെ പ്രതികരണങ്ങള്‍. രാഹുലും തേജസ്വിയും കോടികളുടെ അഴിമതി നടത്തിയതായി മോദി ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ രണ്ട് രാജകുമാരന്മാര്‍ കറങ്ങി നടക്കുകയാണെന്നും മോദി പരിഹസിച്ചിരുന്നു. രാഹുല്‍ ഗാന്ധി ഛഠ് പൂജയെ അപമാനിച്ചു എന്നായിരുന്നു മോദിയുടെ മറ്റൊരു ആരോപണം. വോട്ട് മോഷണം അടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ത്തിയായിരുന്നു രാഹുലിന്റെ പ്രചാരണം.

ഒരുഘട്ടത്തില്‍ മോദി വ്യാജഡിഗ്രിക്കരനാണെന്നും മോദി പറഞ്ഞിരുന്നു. വന്‍ പ്രഖ്യാപനങ്ങള്‍ അടങ്ങുന്നതായിരുന്നു എന്‍ഡിഎയുടെയും മഹാസഖ്യത്തിന്റെയും പ്രകടന പത്രിക. 25 വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുത്തി 69 പേജുളള പ്രകടന പത്രികയാണ് പുറത്തിറക്കിയിരിക്കുന്നത്. ഒരു കോടി യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി, സ്ത്രീകള്‍ക്കായി പ്രത്യേക നൈപുണ്യ വികസന പദ്ധതികള്‍ തുടങ്ങി വന്‍ പ്രഖ്യാപനങ്ങളാണ് എന്‍ഡിഎയുടെ പ്രകടനപത്രികയിലുണ്ടായിരുന്നത്. ഓരോ വീട്ടിലും ഒരു സര്‍ക്കാര്‍ ജോലി എന്നതായിരുന്നു മഹാസഖ്യത്തിന്റെ പ്രധാന വാഗ്ദാനം. ആര്‍ജെഡി നേതാവ് തേജസ്വി യാദവ് നേരത്തെ നടത്തിയ പ്രഖ്യാപനമാണ് പ്രകടന പത്രികയിലും ഉള്‍പ്പെടുത്തിയിരുന്നത്.

Tag: Bihar to go to polling booths tomorrow; campaigning ended yesterday

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button