Latest NewsNationalNewsSports

ഡീവില്ലിയേഴ്സും ബൗഉർമാരും തിളങ്ങി; ബാംഗ്ലൂരിന് തകർപ്പൻ ജയം

ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 82 റൺസിന് തകർത്ത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ.195 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 112 റൺസെടുക്കാനേ സാധിച്ചുള്ളൂ.ബൗളർമാരുടെ മികവിലാണ് ബാംഗ്ലൂർ വിജയം പിടിച്ചത്. സീസണിൽ ബാംഗ്ലൂരിന്റെ അഞ്ചാം ജയമാണിത്.ബാംഗ്ലൂരിനായി നാല് ഓവറിൽ വെറും 12 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തിയ യൂസ്വേന്ദ്ര ചാഹലും നാല് ഓവറിൽ 20 റൺസിന് രണ്ടു വിക്കറ്റ് വീഴ്ത്തിയ വാഷിങ്ടൺ സുന്ദറും മികച്ച പ്രകടനം പുറത്തെടുത്തു. ക്രിസ് മോറിസ് നാല് ഓവറിൽ വെറും 17 റൺസ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് വീഴ്ത്തി. ബാംഗ്ലൂരിനായി പന്തെടുത്തവരെല്ലാം വിക്കറ്റെടുത്തു എന്നതും പ്രത്യേകതയായി.

195 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത നിരയിൽ ശുഭ്മാൻ ഗിൽ ഒഴികെ ആർക്കും തന്നെ കാര്യമായ സംഭാവനകൾ നൽകാനായില്ല. 25 പന്തുകൾ നേരിട്ട് ഒരു സിക്സും മൂന്നു ഫോറുമടക്കം 34 റൺസെടുത്ത ഗില്ലാണ് കൊൽക്കത്ത നിരയിലെ ടോപ് സ്കോറർ.സീസണിലെ ആദ്യ മത്സരം കളിക്കുന്ന ടോം ബാന്റൺ (8), നിതീഷ് റാണ (9), ക്യാപ്റ്റൻ ദിനേഷ് കാർത്തിക്ക് (1), ഓയിൻ മോർഗൻ (8) എന്നിവരെ രണ്ടക്കം കാണാൻ പോലും ബാംഗ്ലൂർ ബൗളർമാർ അനുവദിച്ചില്ല.


അവസാന പ്രതീക്ഷയായിരുന്ന ആന്ദ്രേ റസ്സൽ ഇസുരു ഉദാനയുടെ 14-ാം ഓവറിൽ തകർത്തടിച്ചെങ്കിലും ഓവറിലെ അഞ്ചാം പന്തിൽ പുറത്തായതോടെ കൊൽക്കത്തയുടെ പ്രതീക്ഷകൾ അസ്തമിച്ചു. 10 പന്തിൽ ഒരു സിക്സും രണ്ടു ഫോറുമടക്കം 16 റൺസ് മാത്രമായിരുന്നു റസ്സലിന്റെ സമ്പാദ്യം.രാഹുൽ ത്രിപാഠി (16), പാറ്റ് കമ്മിൻസ് (1), കമലേഷ് നാഗർകോട്ടി (4) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിലാണ് 194 റൺസെടുത്തത്. അർധ സെഞ്ചുറി നേടിയ എ ബി ഡിവില്ലിയേഴ്സിന്റെ ഇന്നിങ്സാണ് ബാംഗ്ലൂരിനെ 194-ൽ എത്തിച്ചത്. തകർത്തടിച്ച ഡിവില്ലിയേഴ്സ് 33 പന്തുകൾ നേരിട്ട് 5 സിക്സും 6 ഫോറുമടക്കം 73 റൺസോടെ പുറത്താകാതെ നിന്നു.മൂന്നാം വിക്കറ്റിൽ ഡിവില്ലിയേഴ്സ് – വിരാട് കോലി കൂട്ടുകെട്ട് 100 റൺസാണ് കൂട്ടിച്ചേർത്തത്. അവസാന അഞ്ച് ഓവറിൽ 83 റൺസാണ് ബാംഗ്ലൂർ അടിച്ചുകൂട്ടിയത്.28 പന്തുകൾ നേരിട്ട കോലി 33 റൺസോടെ എ ബി ഡി ക്ക് മികച്ച പിന്തുണ നൽകി. വെറും ഒരു ബൗണ്ടറി മാത്രമാണ് കോലിയുടെ ഇന്നിങ്സിൽ ഉണ്ടായിരുന്നത്.

ഓപ്പണർമാരായ ആരോൺ ഫിഞ്ചും ദേവ്ദത്ത് പടിക്കലും ചേർന്ന ഓപ്പണിങ് കൂട്ടുകെട്ട് മികച്ച തുടക്കമാണ് ബാംഗ്ലൂരിന് നൽകിയത്. ഇരുവരും തകർത്തടിച്ചതോടെ പവർപ്ലേ ഓവറുകളിൽ 47 റൺസാണ് ബാംഗ്ലൂർ സ്കോർ ബോർഡിലെത്തിയത്. 7.4 ഓവറിൽ 67 റൺസ് ചേർത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.23 പന്തിൽ ഒരു സിക്സും നാലു ഫോറുമടക്കം 32 റൺസെടുത്ത ദേവ്ദത്തിന്റെ കുറ്റി തെറിപ്പിച്ച് ആന്ദ്രേ റസ്സലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
സ്കോർ 94-ൽ എത്തിയപ്പോൾ 47 റൺസോടെ ഫിഞ്ചും മടങ്ങി. 37 പന്തിൽ ഒരു സിക്സും നാലു ഫോറുമടക്കമാണ് ഫിഞ്ച് 47 റൺസെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button