”ആറ് മാസത്തിനുള്ളിൽ ബിഹാറിലെ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ തകര്‍ന്നുപോകും”; മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ആറ് മാസത്തിനുള്ളിൽ ബിഹാറിലെ മോദി– നിതീഷ് ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ തകര്‍ന്നുപോകുമെന്നും പുതിയൊരു ഭരണകൂടം അവിടെ രൂപപ്പെടുമെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രഖ്യാപിച്ചു. പട്‌നയില്‍ രാഹുല്‍ ഗാന്ധി നയിച്ച ‘വോട്ടര്‍ അധികാര്‍ യാത്ര’യുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.
“ബിഹാറില്‍ ഉടന്‍ തന്നെ ദളിതര്‍, പിന്നാക്കക്കാര്‍, പാവപ്പെട്ടവര്‍ എന്നിവരുടെ അധികാരമാണ് ഉറപ്പാകുക. ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ ആറുമാസത്തിനുള്ളില്‍ ഇല്ലാതാകും” – ഖാര്‍ഗെ വ്യക്തമാക്കി.
കോണ്‍ഗ്രസിന്റെയും ഇന്ത്യാ മുന്നണിയുടെയും ശക്തി തെളിയിച്ച വേദിയായി യാത്രയുടെ സമാപന പരിപാടി മാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കനത്ത വിമര്‍ശനവുമായി ഖാര്‍ഗെ രംഗത്തെത്തി. “മോദി പണവും വോട്ടും മോഷ്ടിക്കുന്നവനാണ്. ബാങ്കുകള്‍ കൊള്ളയടിക്കുന്നവരോടൊപ്പമാണ് അദ്ദേഹം. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ മോദിയും ഷായും അവരെ തകര്‍ക്കും. മഹാത്മാഗാന്ധി, അംബേദ്കര്‍, നെഹ്‌റു എന്നിവരൊക്കെ ഉറപ്പു നല്‍കിയ വോട്ടവകാശം നഷ്ടപ്പെടാതിരിക്കാന്‍ ജനങ്ങള്‍ പോരാടണം. നമ്മുടെ നിലനില്‍പ്പിനേതിരായ അപകടത്തെ തടയുകയാണ് പ്രധാനം” – ഖാര്‍ഗെ കൂട്ടിച്ചേർത്തു.
16 ദിവസം നീണ്ടുനിന്ന വോട്ടര്‍ അധികാര്‍ യാത്ര തിങ്കളാഴ്ച ഉച്ചയോടെ പട്‌നയില്‍ സമാപിച്ചു. ആഗസ്റ്റ് 17-ന് സസാരാമില്‍നിന്നാണ് യാത്ര ആരംഭിച്ചത്. 20 ജില്ലകളിലൂടെ 1300 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് അത് പട്‌നയിലെത്തിയത്.
സമാപന ദിനം ഗാന്ധി മൈതാനിയിലെ ബി.ആര്‍. അംബേദ്കര്‍ പ്രതിമയ്ക്ക് മുമ്പില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പദയാത്രയോടെയായിരുന്നു തുടക്കം. ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്, സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ, ശിവസേന (ഉദ്ദവ്) നേതാവ് സഞ്ജയ് റാവത്, എന്‍.സി.പി പ്രവര്‍ത്തക പ്രസിഡന്റ് സുപ്രിയ സുലെ, തൃണമൂല്‍ എം.പി യൂസുഫ് പഠാന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു.
Tag;”Bihar’s double engine government will collapse within six months”; Mallikarjun Kharge